ബ്രൂവറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. ബ്രൂവറിക്ക് അനുമതി നല്‍കിയത് സംബന്ധിച്ചുള്ള ഫയലുകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് തിരുവന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സ്വകാര്യ അന്യായത്തില്‍ വിജിലന്‍സ് കോടതിക്കു നടപടിയെടുക്കാന്‍ ആകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതേ തുടര്‍ന്ന് ജസ്റ്റിസ് കെ ബാബുവാണ് കീഴ്‌കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. അടുത്തമാസം ഒന്നുവരെയാണ് സ്റ്റേ. പരാതിക്കാരനായ രമേശ് ചെന്നിത്തലക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ്, ബ്രൂവറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.