കാട്ടാക്കടയിൽ ബസ് ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി കെഎസ്ആർടിസി. 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. 45 ദിവസമാണ് റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിരിക്കുന്നത്, അതിനുള്ളിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
സംഭവത്തില്‍ ഹൈക്കോടതി ഇടപെടുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്താൻ നിയോഗിച്ചത്. മർദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം വിജിലൻസ് റിപ്പോർട്ട് കൈമാറി. അതിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.
ഇന്ന് രാവിലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മകള്‍ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍. പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നു പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് വാക്കേറ്റത്തിന് കാരണമായി. കെ എസ് ആര്‍ ടി സി രക്ഷപെടാത്തത് തൊഴിലാളികളുടെ ഈ സ്വഭാവം കൊണ്ടാണെന്ന് പ്രമേന്‍ പറഞ്ഞപ്പോഴായിരുന്നു ആക്രമണം. ജീവനക്കാര്‍ ചേര്‍ന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടത്തില്‍ ഇടിച്ച് പ്രേമന് പരിക്കേറ്റു.
മകൾ കരഞ്ഞ് പറഞ്ഞിട്ടും മർദ്ദനം തുടരുകയും ഒടുവിൽ വളരെ അവശനായ ശേഷമാണ് നിർത്തിയത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്റ്റേഷന്‍ മാസ്റ്റര്‍ ഷാജു ലോറന്‍സിന്റെ ഒഴുക്കന്‍ മറുപടി. ഗതാഗമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കെഎസ്ആര്‍ടിസി വിജിലന്‍സ് സംഘം പ്രേമന്റെ മൊഴിയെടുത്തു. പ്രേമനന്‍ കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയി.