രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനിടെ കേരളത്തിന് ഓണസമ്മാനമായി 1000 4ജി ടവറുകള്‍. സംസ്ഥാനത്ത്
ബിഎസ്എന്‍എല്‍ 1000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ടെലികോം മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ആഘോഷത്തിന്റെ ഭാഗമായ കേക്ക് ഉള്‍പ്പെടെയാണ് ടെലികോം മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ്. സ്വകാര്യ ടെലികോം സര്‍വീസുകള്‍ താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത് ബിഎസ്എന്‍എല്ലിന് ഗുണം ചെയ്തിരുന്നു. ഉപഭോക്താക്കള്‍ കൂട്ടത്തോടെ ബിഎസ്എന്‍എല്ലിലേക്ക് മാറാന്‍ സ്വകാര്യ ടെലികോം സര്‍വീസുകളുടെ നിരക്ക് വര്‍ദ്ധന കാരണമായിരുന്നു.
തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിയുടെ കരുത്തിലാണ് ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസം. എന്നാല്‍ ഇതുവരെ എത്ര സൈറ്റുകള്‍ 4ജിയിലേക്ക് മാറ്റിയെന്നത് സംബന്ധിച്ച് ബിഎസ്എന്‍എല്‍ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷം 4ജി സൈറ്റുകളാണ് ലക്ഷ്യമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് 1000 ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചത്. 4ജി സേവനങ്ങള്‍ക്കൊപ്പം 5ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയിലാണ് ബിഎസ്എന്‍എല്‍.