ബജറ്റില്‍ ഐസക് 'കടമെടുത്തത്' സ്‌നേഹയുടെ 'അടുക്കള'

ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാഹിത്യത്തെ സാംസ്‌കാരിക മേഖലകളിലെ പ്രധാന കാര്യങ്ങള്‍ ഉദ്ധരിക്കുന്നത് ആദ്യമായല്ല. മന്ത്രി തോമസ് ഐസക് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ ബഷീര്‍, എംടി, ഒഎന്‍വി തുടങ്ങിയ മലയാളത്തിന്റെ പ്രിയസാഹിത്യകാരുടെ വരികളെല്ലാം അദ്ദേഹം കടമെടുത്തിരുന്നു. ഇത്തവണ ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ കലോത്സവത്തിലെ കവിതാമത്സരവിജയിയായ ഹെസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുടെ കവിതയിലെ വരികളും ഉദ്ധരിച്ചത് ഏറെ ശ്രദ്ധേയമായി.

പുലാപറ്റ എം എന്‍ കെ എം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സ്നേഹയുടെ കവിതയായിരുന്നു അത്. പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ അടുക്കള എന്ന വിഷയമാണ് കവിതാമത്സരത്തില്‍ നല്‍കിയത്. അടുക്കളയെ ഒരു ലാബായും പണിയെടുക്കുന്ന ഒരു യന്ത്രം പോലെയാണെന്ന് സങ്കല്‍പ്പിച്ച് കൊണ്ടെഴുതകിയ കവിത വെറും പന്ത്രണ്ട് വരിയെങ്കിലും അര്‍ത്ഥം വളരെ ആഴത്തിലുള്ളതായിരുന്നു.കവിത പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കവിത ഇതാണ്…

കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്
പരീക്ഷിച്ച് നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞ് പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരിപുരണ്ട കേടുവന്ന
ഒരു മെഷ്യീന്‍
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉത്പ്പാദിപ്പിക്കുന്നുണ്ടെന്ന്