ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂളിന് ഹെഡ്‌ഗേവാറിൻ്റെ പേര് നൽകിയതിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്‌സ് സ്കൂളിൻ്റെ തറക്കല്ലിടൽ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. തറക്കല്ലിട്ടസ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴനട്ടു. ശിലാഫലകവും തകർത്തു.
ഭിന്നശേഷിക്കാർക്കുള്ള പദ്ധതി സ്വാഗതാർഹമാണെന്നും എന്നാൽ, ഇവിടെ ബിജെപി രാഷ്ട്രീയമാണ് കളിച്ചതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അതേസമയം പ്രതിഷേധം അവസാനിക്കുന്നില്ലെന്നും തുടരുമെന്നും ഡിവൈഎഫ്ഐയും അറിയിച്ചു. എന്നാൽ ഹെഡ്ഗെവാറിൻ്റെ പേരിടുന്നത് രാഷ്ട്രീയ വിഷയമല്ലെന്ന് ബിജെപി പറയുന്നു. നിരവധി രാഷ്ട്രീയക്കാർക്ക് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് ഹെഡ്ഗെവാറിൻ്റെ പേരിടുന്നതെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
ആർഎസ്എസ് സ്ഥാപകൻ്റെ പേരിട്ടത് വളരെ മോശമാണെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. നിയമപ്രകാരം തെറ്റാണ്. കൗൺസിലിൽ ചർച്ചയ്ക്ക് വെക്കാതെയാണ് പേര് നൽകിയിരിക്കുന്നത്. പാലക്കാട് നഗരസഭാ സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യാഴാഴ്‌ച വൈകിട്ടാണ് പേര് തീരുമാനിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. അതേസമയം ബിജെപി ഭരിക്കുന്ന നഗരസഭ ആർഎസ്എസ് വത്കരിക്കാനുള്ള ബിജെപി ശ്രമത്തെ എന്തുവിലകൊടുത്തും ഡിവൈഎഫ്ഐ നേരിടും. കോൺഗ്രസിന്റെ കൂടി ഒത്താശ ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. ആർഎസ്എസ് ആയി ജീവിച്ച് ആർഎസ്എസ് ആയി മരിച്ച, രാജ്യത്തിനുവേണ്ടി ഒരു സംഭാവനയും ചെയ്യാത്ത, രാജ്യത്തെ മതത്തിൻറെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച ഒരു മനുഷ്യൻ്റെ പേരിൽ ഒരു സ്‌മാരകം നിർമ്മിക്കുന്നത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കുണമെന്നും ഇത് എന്ത് വിലകൊടുത്തും നേരിടുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.