ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്നും ഇതുവരെയുള്ള നടപടികള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫര്‍ സോണ്‍ വിരുദ്ധ റാലിയില്‍ സംസാരിക്കവേയാണ് ബിഷപ്പിന്റെ മുന്നറിയിപ്പ്.
ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാല്‍ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു.
ബഫര്‍ സോണില്‍ സര്‍വേ നമ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി മൂന്നാമത് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകളും വ്യാപക ആശയക്കുഴപ്പവും. എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങി വിവിധയിടങ്ങളില്‍ സമരസമിതികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. പലയിടത്തും ഒരേ സര്‍വേ നമ്പര്‍ തന്നെ ബഫര്‍സോണിനുള്ളിലും പുറത്തും ഉള്‍പ്പെട്ടിട്ടുണ്ട്.
വന്യജീവിസങ്കേതത്തിന്റെ അതിര്‍ത്തി മാത്രം രേഖപ്പെടുത്തിയതും ബഫര്‍സോണ്‍ മേഖല അടയാളപ്പെടുത്താത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു. ബഫര്‍സോണ്‍, വന്യജീവി സങ്കേതം, പഞ്ചായത്ത് അതിര്‍ത്തി എന്നിവ ചേരുന്നിടത്ത് പഞ്ചായത്തിന്റെ അതിര്‍ത്തി വ്യക്തമാകുന്നില്ലെന്ന പരാതിയുമുണ്ട്.