ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർ സോൺ നടപ്പിലാക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിനാണ് മന്ത്രിയുടെ മറുപടി. മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷം അറിയിച്ചു.
അണക്കെട്ടുകളുടെ ജലനിരപ്പില്‍ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റര്‍ വരെയുള്ള പ്രദേശം ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ചും ഇതിനു പുറത്തുള്ള 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണത്തിന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയുമായിരുന്നു. 26-12- 24 ന് ജലവിഭവ വകുപ്പ് ഇറക്കിയ ഉത്തരവ്. ഇതായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് ആധാരം.
ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ അറിയിച്ചു.അടിയന്തര പ്രമേയ നോട്ടീസിനെ പിന്നാലെ സര്‍ക്കാരിന്റെ ഒരു ഉത്തരവ് പിന്‍വലിക്കുന്നത് സഭയില്‍ അപൂര്‍വ്വമാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവിനെ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്ന പ്രമേയത്തിന് നോട്ടീസ് നല്‍കിയ മോന്‍സ് ജോസഫിന്റെ ആരോപണം.