ബഫര്‍സോണ്‍ വിഷയത്തില്‍ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനാതിര്‍ത്തിക്കുപുറത്ത് ഒരു കിലോമീറ്റര്‍ വരെ സംരക്ഷിതമേഖലയാക്കണമെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് പരിശോധിക്കുന്നത്. ബഫര്‍ സോണ്‍ നടപ്പാക്കാന്‍ ഉത്തരവിറക്കിയശേഷം സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
ബഫര്‍സോണ്‍ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ജനങ്ങളുടെ ദുരിത പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനവാസ മേഖലയെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും ബഫര്‍സോണ്‍ ഒഴിവാക്കാന്‍ കേന്ദ്രം നിയമം നിര്‍മ്മാണം നടത്തണമെന്നും നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം പരിസ്ഥിതിക്കും വികസനത്തിനും പ്രശ്‌നമുണ്ടാകാത്ത വിധത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപീന്ദര്‍ യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.വിഷയത്തില്‍ കേരളവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും സംസ്ഥാനത്തിന്റെ ആശങ്കകള്‍ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.