എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എംടിയുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ വീട്ടില്‍ നിന്നാണ് 26 പവന്‍ ആഭരണങ്ങള്‍ മോഷ്ടിച്ചത്.
രാവിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടിലെ പാചകക്കാരിയായ കരുവിശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മോഷ്ടിച്ച സ്വര്‍ണം കോഴിക്കോട്ടെ വിവിധ കടകളിലായി വിറ്റെന്നായിരുന്നു പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. സെപ്റ്റംബര്‍ 29-30 തീയകതികളിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ കേസെടുത്ത നടക്കാവ് പൊലീസ് ആയിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മോഷണം നടന്ന ദിവസങ്ങളില്‍ എംടിയും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരികെ എത്തി അലമാര തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്.
മൂന്ന് മാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, ഡയമണ്ടിന്റെ ഒരു ജോഡി കമ്മല്‍, മരതകം പതിച്ച ലോക്കറ്റ് തുടങ്ങിയവയാണ് പ്രതികള്‍ മോഷ്ടിച്ച് വിവിധ ഇടങ്ങളിലായി വിറ്റഴിച്ചത്.