ബസ്ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; മിനിമം എട്ട് രൂപയാകും

സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് എം.രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടാതെ മിനിമം ചാര്‍ജ്ജ് ഏഴുരൂപയില്‍ നിന്ന് എട്ടുരൂപയായി വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് കമ്മീഷന്‍ കൈമാറി. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നതിനാല്‍ അതിനെതക്കുറിച്ച് വീണ്ടും പറയുന്നില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍/ ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ,സൂപ്പര്‍ എക്‌സപ്രസ്, ഡീലക്‌സ്, വോള്‍വോ എന്നീ എല്ലാ വിഭാഗം ബസുകളുടെയും നിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മിനിമം നിരക്ക് പത്ത് രൂപയായും വിദ്യാര്‍ത്ഥികളുടെ നിരക്ക് 14ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്നും ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വര്‍ധന കെഎസ്ആര്‍ടിസിക്കും ബാധകമാണ്.

ബസുകളുടെ പ്രവര്‍ത്തനച്ചെലവ്, സ്‌പെയര്‍ പാര്‍ട്‌സ് വില, നികുതി- ഇന്‍ഷുറന്‍സ്- ശമ്പള വര്‍ധന എന്നിവ പരിഗണിച്ചാണ് നിരക്ക് കൂട്ടാന്‍ ശുപാര്‍ശ ചെയ്തതെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. ആഗസ്റ്റിലാണ് ബസ് ചാര്‍ജ്ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. നവംബര്‍ 30 ന് ബസുടമകളില്‍ നിന്ന് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 2014 ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നത്.