തൃശൂര്‍ പെരുമ്പിലാവില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന ബസുകള്‍ തടഞ്ഞ് യാത്രാ സൗകര്യമൊരുക്കി രമ്യ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോകുന്നത് കണ്ട എംപി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കോളേജുകളിലെ ക്ലാസുകള്‍ കഴിഞ്ഞാല്‍ ഇതുവഴി പോകുന്ന ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞു.
ഇതേ തുടര്‍ന്ന് എംപി കുട്ടികള്‍ക്കൊപ്പം റോഡില്‍ ഇറങ്ങി നിന്ന് ബസുകള്‍ കൈകാട്ടി നിറുത്തുകയായിരുന്നു. എന്നാല്‍ ഇതു വഴിവന്ന ഒരു ബസിലെ ജീവനക്കാരന്‍ ഇത് ദീര്‍ഘ ദൂര ബസാണെന്നും ഈ ബസില്‍ കുട്ടികളെ കയറ്റാന്‍ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതല്‍ വഷളായി. തുടര്‍ന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റി.
ഇതിനിടയില്‍ എംപിയോട് ബസ് ജീവനക്കാരന്‍ കയര്‍ത്ത് സംസാരിച്ചത് സംഘര്‍ഷ സമാനമായ സാഹചര്യത്തിന് കാരണമായി. തുടര്‍ന്ന് രമ്യ ഹരിദാസ് പൊലീസിനെ വിളിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ബസില്‍ കയറ്റി വിട്ടു. ബസ് ജീവനക്കാരന്‍ എംപിയോട് മാപ്പ് പറഞ്ഞതോടെയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായത്. പെരുമ്പിലാവില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാത്തത് സംബന്ധിച്ച് രമ്യ ഹരിദാസ് കുന്നംകുളം എസ്പിയ്ക്ക് പരാതി നല്‍കി.