അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടണ്ണല്‍ സെപ്റ്റംബര്‍ 8ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അരനൂറ്റാണ്ടോളം ഉമ്മന്‍ചാണ്ടി പ്രതിനിധികരിച്ച മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മൂന്നു മുന്നണികളും നേരത്തെ തന്നെ ഒരുങ്ങി കഴിഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്ന ദൗത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്നിലുള്ളത്.
ആരാകും പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോണ്‍ഗ്രസ് എത്തുന്നതെന്ന സൂചനകള്‍ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.
പുതിയ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റേയും പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെയും ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്നു ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഉച്ചകഴിഞ്ഞ് ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പങ്കെടുക്കും. തിരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ സി ജോസഫിനും നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ടുന്ന സംഘടനാപരമായ തയാറെടുപ്പുകളെ കുറിച്ച് കോണ്‍ഗ്രസിന്റെ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
Read more
ഉമ്മന്‍ചാണ്ടിയുടെ വിയോഗം സഹതാപതരംഗം ഉയര്‍ത്തുമെങ്കിലും ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് സിപിഎമ്മും. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എല്‍ ഡി എഫില്‍ നിന്നും പുറത്തുവരുന്നത്. അധികം വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്ന വിലയിരുത്തലിലാണ് സി പി എമ്മുള്ളത്. താഴെ തട്ടുമുതല്‍ പാര്‍ട്ടി സംവിധാനത്തെ സജ്ജമാക്കിയാണ് മുന്നൊരുക്കങ്ങള്‍.