രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കെ. സുധാകരന്‍ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.
‘അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന്‍ ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന്‍ ആലോചിച്ചു.’
‘എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്’ സുധാകരന്‍ പറഞ്ഞു.
ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരന്‍ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തില്‍ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.