Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

‘തഗ് ലൈഫ്’ മുത്തശ്ശി ഇനി ന്യൂജനറേഷനുമാകും; വിദ്യാഭ്യാസമന്ത്രിയുടെ സര്‍പ്രൈസ് സമ്മാനം

, 7:15 pm

സാക്ഷരതാമിഷന്‍ അക്ഷരലക്ഷം പദ്ധതിയില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തി താരമായി മാറിയ ഹരിപ്പാട് ചേപ്പാട് സ്വദേശിനി കാര്‍ത്ത്യായനിയമ്മയെ തേടി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ബുധനാഴ്ച വീട്ടിലെത്തി. അക്ഷരലക്ഷം നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും പ്രായം കൂടിയ പരീക്ഷാര്‍ത്ഥിയായിരുന്നു കാര്‍ത്ത്യായനിയ അമ്മ. 97 വയസുള്ള കാര്‍ത്ത്യായനിയമ്മയെ മുഖ്യമന്ത്രി നേരിട്ട് തിരുവനന്തപുരത്ത് അനുമോദിച്ചിരുന്നു.

അനുമോദനചടങ്ങിനിടെ തുടര്‍ന്ന് എന്ത് ചെയ്യനാണ് ആഗ്രഹമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് തനിക്ക് പത്താംക്ലാസ് പഠിക്കണം എന്ന് കാര്‍ത്ത്യായനിയമ്മ അറിയിച്ചു.കൂടാതെ കമ്പ്യൂട്ടര്‍ പഠിക്കണമെന്നും മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത് പ്രകാരമാണ് താന്‍ ലാപ്ടോപ്പുമായി എത്തിയതെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ മറ്റ് പരിപാടികള്‍ക്കായി എത്തിയ മന്ത്രി രവീന്ദ്രനാഥ് താന്‍ ലാപ്ടോപ്പുമായാണ് എത്തിയതെന്ന വിവരം ഉദ്യോഗസ്ഥരോട് പോലും പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് മന്ത്രി  പെട്ടെന്ന് ലാപ്ടോപ്പുമായി കാര്‍ത്ത്യായനി അമ്മയുടെ വീട്ടിലേക്ക് കടന്നുചെന്നത്.

പറഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ കമ്പ്യൂട്ടര്‍ ലഭിച്ചതിലുള്ള സന്തോഷം പക്ഷേ കാര്‍ത്ത്യായനിയമ്മ മറച്ചുവെച്ചില്ല. മന്ത്രി കാര്‍ത്ത്യായനിയമ്മയ്ക്കൊപ്പമിരുന്ന് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയും കാര്‍ത്ത്യായനിയമ്മ കമ്പ്യൂട്ടറില്‍ മന്ത്രിയുടെ സഹായത്തോടെ സ്വന്തം പേര് ടൈപ്പ് ചെയ്യുകയും ചെയ്തു. കമ്പ്യൂട്ടര്‍ പഠിച്ചതിന്റെ പുരോഗതി വിലയിരുത്താന്‍ അധികം വൈകാതെ വീണ്ടും വരുമെന്ന ഉറപ്പു നല്‍കിയാണ് മന്ത്രി യാത്രയായത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, എസ്.ഐ.ഇ.ടി.ഡയറക്ടര്‍ അബുരാജ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍, അസി.കോര്‍ഡിനേറ്രര്‍ കെ.എം.സുബൈദ, പ്രേരക് സതി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായി.

Advertisement