സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രസവ ശസ്ത്രക്രിയാ അഥവാ സിസേറിയൻ നിരക്ക് 50 ശതമാനത്തിനു മുകളിലെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനാ അംഗീകരിച്ച സിസേറിയന് അനുയോജ്യമായ നിരക്ക് 10 ശതമാനം മുതൽ 15 ശതമാനം വരെ ആണെന്നിരിക്കയാണ് കേരളത്തിൽ 50 ശതമാനത്തിനു മുകളിൽ നിൽക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് സിസേറിയൻ നിരക്ക് കൂടുതൽ. 56 ശതമാനമുള്ള ആലപ്പുഴയാണ് കണക്കിൽ മുന്നിൽ.
സിസേറിയൻ നിരക്കിൽ സംസ്ഥാന ശരാശരി 44 ശതമാനമാണ്. 34 ശതമാനമുള്ള കാസർഗോഡാണ് സിസേറിയൻ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല. 2024 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിൽ ദേശീയ ആരോഗ്യദൗത്യം (എൻഎച്ച്എം) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. സിസേറിയൻ നിരക്ക് തിരുവനന്തപുരം- 49 %, കൊല്ലം- 54 %, പത്തനംതിട്ട- 53 %, ആലപ്പുഴ- 56 %, കോട്ടയം- 45 %, ഇടുക്കി- 53 %, എറണാകുളം- 52 %, തൃശൂർ- 46 %, പാലക്കാട്- 39 %, മലപ്പുറം- 35 %, കോഴിക്കോട്- 44 %, വയനാട്- 38 %, കണ്ണൂർ- 48 %, കാസർകോട്- 34 % ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.
ഹൈ റിസ്‌ക് പ്രഗ്‌നൻസി അഥവാ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിലുള്ള സ്ത്രീകൾ കുറവുള്ള ജില്ലകളിൽപ്പോലും സിസേറിയൻ നിരക്ക് ഉയരുന്നതായാണ് കണക്കുകൾ. ഹൈ റിസ്‌ക് വിഭാഗത്തിൽ ആലപ്പുഴ ജില്ലയിൽ 11 ശതമാനം പേരെ മാത്രമാണ് കണ്ടെത്തിയത്. എന്നാൽ ഇവിടുത്തെ സിസേറിയൻ നിരക്കാവട്ടെ 56 ശതമാനവും.
പ്രസവ സംബന്ധമായ പ്രശ്നങ്ങൾ ഭയന്നും അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാനുമെല്ലാം ഡോക്‌ടർമാർ സിസേറിയൻ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രസവത്തെത്തുടർന്ന് അമ്മ മരിക്കുകയോ കുഞ്ഞിനു മറ്റു പ്രശ്‌നങ്ങളുണ്ടാകുകയോ ചെയ്താൽ ഡോക്ടർമാരും ആശുപത്രികളുമാണ് പ്രതിക്കൂട്ടിലാകുന്നത്. ഇത് ഒഴിവാക്കാനായി സിസേറിയൻ ഡോക്‌ടർമാർ തിരഞ്ഞെടുക്കന്നതാവാം നിരക്കുകൂടാൻ കാരണമെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.
റിസ്ക്ക് ഒഴിവാക്കാൻ ഡോക്ടർമാർ സാധാരണ പ്രസവം പ്രോത്സാഹിപ്പിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനി ഗവൺമെന്റ് ആശുപത്രികളുടെ കാര്യത്തിലാവട്ടെ, ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ ചികിത്സ ഏറ്റെടുക്കാൻ പോലും ചില താലൂക്ക് ആശുപത്രികൾ തയ്യാറാകാറില്ല. പ്രസവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായെന്ന് തോന്നിയാൽ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.
ഈ കണക്കുകൾക്കിടയിൽ, ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ വീട്ടു പ്രസവങ്ങൾ വർധിച്ചുവരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തു വരുന്നുണ്ട്. ചാലക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒഡീഷ സ്വദേശിയായ 25 കാരി സ്വയം പ്രസവമെടുത്ത് പൊക്കിൾക്കൊടി മുറിച്ചതിനെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്തു വരുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസത്തിൽ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 200 വീട്ടുപ്രസവം ആണ്. ഇതിൽ കൂടുതൽ മലപ്പുറത്താണ്- 93 എണ്ണം. വയനാട്-15, എറണാകുളം-14, കണ്ണൂർ, ഇടുക്കി-12, കോഴിക്കോട്- 11 എന്നിങ്ങനെയാണ് മറ്റു ജില്ലകൾ. ഇനി നാലര വർഷത്തെ കണക്കെടുത്താൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2931 വീട്ടുപ്രസവങ്ങളാണ്. ആ കണക്കിലും മുൻപിൽ മലപ്പുറം ജില്ലയാണ്. 1337 വീട്ടു പ്രസവങ്ങളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറവ് കോട്ടയത്താണ്, 42 പ്രസവങ്ങൾ.
നാലര വർഷത്തെ കണക്കുകളിലേക്ക് വന്നാൽ, മലപ്പുറത്തിന് പിന്നിൽ 283 എണ്ണവുമായി വയനാടും 200 എണ്ണവുമായി ഇടുക്കിയുമാണ് ഉള്ളത്. പാലക്കാട് – 172, തിരുവനന്തപുരം 132, എറണാകുളം – 119, കോഴിക്കോട് – 104 എന്നിങ്ങനെയാണ് ഈ കാലയളവിൽ നൂറിൽ കൂടുതൽ വീട്ടുപ്രസവങ്ങൾ രേഖപ്പെടുത്തിയ ജില്ലകൾ. 2019–20 ( 467 പ്രസവം), 2020–21 സമയത്ത് (576), 2021–22 (586), 2022–23 (579), 2023–24 (523) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ.
Read more
വീടുകളിൽ പ്രസവിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ രഹസ്യ കേന്ദ്രനഗളിലും പ്രസവനാണ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം ജില്ലയിലെ താനാളൂർ, വളവന്നൂർ, ചെറിയമുണ്ടം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീട്ടുപ്രസവങ്ങൾ നടത്തിക്കൊടുക്കുന്ന രഹസ്യകേന്ദ്രങ്ങൾ സംബന്ധിച്ച് കഴിഞ്ഞ വർഷം പൊലീസ്, വിജിലൻസ് അന്വേഷണങ്ങൾ നടന്നിരുന്നു. വീട്ടുപ്രസവങ്ങൾ അമ്മയ്ക്കും കുഞ്ഞിനും അപകടകരമെന്ന ബോധവൽക്കരണം സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ശക്തമായി നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.