സിഎഎ പ്രതിഷേധം: മുഖ്യമന്ത്രിയുടെ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ പത്ത് മണിക്ക് മച്ചിങ്ങല്‍ ജംഗ്ഷനില്‍ നടക്കുന്ന റാലിയില്‍ വിവിധ മതസാമുദായിക നേതാക്കളും ആയിരക്കണക്കിനാളുകളും പങ്കെടുക്കും. ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളില്‍ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായിട്ടാണ് മലപ്പുറത്തും പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് മാർച്ച് 22 ന് മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി നടത്തിയിരുന്നു. അന്ന് കേന്ദ്ര സർക്കാരിനും ബിജെപിക്കും കോൺഗ്രസിനുമെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമർശനമാണ് നടത്തിയത്.

Read more

ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്നാണ് കോഴിക്കോട് റാലിയിൽ പിണറായി വിജയൻ ചൂണ്ടികാട്ടിയത്. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്‌ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് ആര്‍എസ്എസ് നിലപാടാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്നതാണ് സംഘപരിവാര്‍ സമീപനമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.