സംസ്ഥാനത്ത് ഊര്‍ജ്ജിതമായ കാര്‍ഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് പുതിയ കമ്പനി; സര്‍ക്കാര്‍ നേതൃത്വത്തില്‍ കാബ്കോ രൂപികരിക്കും

സംസ്ഥാനത്ത് ഊര്‍ജ്ജിതമായ കാര്‍ഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. കൃഷിമന്ത്രി പി. പ്രസാദ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിനും സംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്നതിനായി അഗ്രി പാര്‍ക്കുകളും ഫ്രൂട്ട് പാര്‍ക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡലായാണ് കാബ്കോ രൂപീകരിക്കുക. കൂടാതെ അഗ്രോ പാര്‍ക്കുകളുടെ നടത്തിപ്പിനും കര്‍ഷകരെ വിപണിയുമായി ബന്ധപ്പെടുത്തുന്ന ഒരു സ്വതന്ത്ര കമ്പനി ആയിട്ടായിരിക്കും കാബ്‌കോ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.

കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ കൈകാര്യം ചെയ്യുന്നതിനും കാര്‍ഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്റെ കാര്‍ഷിക ഉത്പ്പന്നങ്ങളെ അവയുടെ ഗുണമേന്മകള്‍ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പൊതു ബ്രാന്‍ഡിങ്ങില്‍ കൊണ്ടു വരുന്നതും കമ്പനിയുടെ ലക്ഷ്യമായിരിക്കും. മൂല്യ വര്‍ദ്ധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഒരു ഏജന്‍സിയായി കാബ്കോ പ്രവര്‍ത്തിക്കും. ദേശീയ അന്തര്‍ ദേശീയ കയറ്റുമതി, വിപണന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ കര്‍ഷകരെ കമ്പനി പ്രാപ്തരാക്കും.

സംസ്ഥാന സര്‍ക്കാരിന്റെ 33 ശതമാനം ഓഹരി വിഹിതവും കര്‍ഷകരുടെ 24 ശതമാനം ഓഹരി വിഹിതവും, കര്‍ഷക കൂട്ടായ്മകള്‍ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക കൂട്ടായ്മകളുടെ 25 ശതമാനം ഓഹരി വിഹിതവും പൊതു ഓഹരി വിപണിയില്‍ നിന്ന് 13 ശതമാനത്തില്‍ അധികരിക്കാത്ത ഓഹരി വിഹിതവും പ്രാഥമിക കാര്‍ഷിക സ്ഥാപനങ്ങളുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് അഞ്ച് ശതമാനത്തില്‍ അധികരിക്കാത്ത ഓഹരി വിഹിതവും നിജപ്പെടുത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(CIAL) കമ്പനി മാതൃകയില്‍ കാബ്‌കോ പ്രവര്‍ത്തിക്കും.

കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള അഗ്രോ ഇന്‍ഡട്രീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ പ്രാരംഭ ഡയറക്ടര്‍മാരായിരിക്കും.

ഇടുക്കിയിലെ വട്ടവട വെജിറ്റബിള്‍ അഗ്രോപാര്‍ക്ക്, തൃശൂര്‍ കണ്ണാറയിലെ ബനാന ഹണി അഗ്രോപാര്‍ക്ക്, കോഴിക്കോട്, വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിംഗ് ആന്റ് മാര്‍ക്കറ്റിങ് ഹബ് അഗ്രോപാര്‍ക്ക്, കോഴിക്കോട്, കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിംഗ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാര്‍ക്ക് എന്നിവ ആദ്യ ഘട്ടമായി കാബ്കോയുടെ അടിസ്ഥാന യൂണിറ്റുകളായിരിക്കും.

കമ്പനിക്കായി മൂന്ന് നഗര കാര്‍ഷിക മൊത്തവ്യാപാര വിപണികളും മൂന്ന് ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര വിപണികളും കണ്ണാറ, കൂത്താളി അഗ്രോപാര്‍ക്കുകളും 30 വര്‍ഷത്തേക്ക് നിര്‍ദിഷ്ട കമ്പനിയുടെ ബിസിനസ്സ് ആവശ്യത്തിനായി കൈമാറ്റം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

10 കോടി രൂപയുടെ മൊത്തം മൂല്യത്തില്‍ സര്‍ക്കാരിന്റെ ഇക്വിറ്റി പങ്കാളിത്തം 3.3 കോടി രൂപയായി പരിമിതപ്പെടുത്തും. ബാക്കിയുള്ള മൂലധനത്തിന് ഓഹരി ഉടമകള്‍ക്ക് നിശ്ചയിച്ച പ്രകാരം ആനുപാതികമായി വരിക്കാരാകാവുന്നതാണ്. സര്‍ക്കാരിന്റെ ഇക്വിറ്റി വിഹിതം നിറവേറ്റുന്നതിന് ആവശ്യമായ ഭൂമി കമ്പനിക്ക് കൈമാറും. സര്‍ക്കാര്‍ വിഹിതം ഭൂമിയില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ബിസിനസ്സിനായുള്ള പ്രധാന നിക്ഷേപം ഓഹരി ഉടമകളില്‍ നിന്നുമായിരിക്കും. കൂടുതല്‍ മൂലധനം ആവശ്യമായി വരുമ്പോള്‍, അത് മറ്റ് ഓഹരി ഉടമകളില്‍ നിന്ന് സമാഹരിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു.

കാര്‍ഷിക സംസ്‌ക്കരണത്തിനുതകുന്ന യന്ത്രസാമഗ്രികളുടെ സംഭരണത്തിനും സ്ഥാപനത്തിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കാബ്‌കോ മദ്ധ്യസ്ഥം വഹിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാബ്കോയ്ക്ക് വിവിധ വിതരണ ശൃംഖല പോയിന്റുകള്‍ ഉണ്ടായിരിക്കും, ഈ വിതരണശൃംഖലകള്‍ കര്‍ഷകരില്‍ നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിക്കുകയും നിര്‍ദിഷ്ട അഗ്രോപാര്‍ക്കുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. സാധ്യതയുള്ള വിപണികള്‍ക്കും ഉല്പന്നങ്ങള്‍ക്കുമായി കമ്പോള ഗവേഷണം, ഉപഭോക്താള്‍ക്ക് ഉതകുന്ന രീതിയില്‍ ബ്രാന്‍ഡ് സൃഷ്ടിക്കല്‍ എന്നിവ കാബ്‌കോ വഴി നടത്താനാവും. മാര്‍ക്കറ്റ് റിസര്‍ച്ച് അടിസ്ഥാനമാക്കി മത്സരാധിഷ്ഠിത വില നിര്‍ണ്ണയ തന്ത്രം നടപ്പിലാക്കും. വിവിധ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോമുകള്‍, ഡിജിറ്റല്‍ മീഡിയ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ കാബ്‌കോക്ക് മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ പ്രീ-ലോഞ്ച് ചെയ്യാനാകും. പൊതു കാര്‍ഷിക ഫല ബ്രാന്‍ഡ് കേരളത്തിനായി രൂപീകരിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.