സ്വകാര്യവത്കരണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൈവിടുന്നത് രാജ്യത്തെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിനെയും. സ്വകാര്യവത്കരണം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ അറിയിച്ചതില്‍ കോഴിക്കോട് വിമാനത്താവളവും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളം പൊതു-സ്വകാര്യ-ഓഹരി പങ്കാളിത്തത്തിലേക്ക് മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ മൂന്നാംസ്ഥാനം കഴിഞ്ഞവര്‍ഷം കോഴിക്കോട് വിമാനത്താവളത്തിനായിരുന്നു. 95.38 കോടി രൂപയായിരുന്നു കോഴിക്കോടിന്റെ ലാഭം. 482.30 കോടി രൂപയുമായി കൊല്‍ക്കത്തയാണ് ഒന്നാമത്. 169.56 കോടി രൂപയുമായി ചെന്നൈ രണ്ടാമതും. കോടികള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തെയാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.
ദേശീയ ആസ്തി പണമാക്കല്‍ പദ്ധതിയുടെ ഭാഗമായി 2022-25നകം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ-ഓഹരി പങ്കാളിത്തത്തിലേക്ക് (പി.പി.പി) മാറ്റുമെന്ന് 2021 ഓഗസ്റ്റിലാണ് കേന്ദ്രം പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എ.എ.ഐ) തന്നെയായിരിക്കും.
കോഴിക്കോട് വിമാനത്താവളം പി.പി.പി രീതിയിലേക്ക് 2023ഓടെ മാറ്റി 560 കോടിയോളം രൂപ സമാഹരിക്കാനാണ് കേന്ദ്രം ആദ്യം ലക്ഷ്യമിട്ടിരുന്നത്. 2025ലാണ് നിലവില്‍ ഓഹരി വില്‍പന പ്രതീക്ഷിക്കുന്നത്.
കോഴിക്കോടിന് പുറമെ അമൃത്സര്‍, കോയമ്പത്തൂര്‍, പട്‌ന, ഭുവനേശ്വര്‍, വാരാണസി, തിരുച്ചിറപ്പള്ളി, ഇന്ദോര്‍, റായ്പൂര്‍, നാഗ്പൂര്‍, മധുര, സൂറത്ത്, ജോധ്പൂര്‍, ചെന്നൈ, റാഞ്ചി, വിജയവാഡ, വഡോദര, ഭോപാല്‍, ഇംഫാല്‍, തിരുപ്പതി, ഹൂബ്ലി, അഗര്‍ത്തല, രാജമുന്ദ്രി, ഉദയ്പൂര്‍, ഡെറാഡൂണ്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് വിമാനത്താവളങ്ങള്‍.