എസ്ബിഐയുടെ 'ഏമ്പക്കവിലക്കി'ന് പിന്നാലെ കനറാബാങ്കിന്റെ 'വസ്ത്രചട്ടം'

ജീവനക്കാരുടെ സ്വകാര്യത അടക്കമുള്ള കാര്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള എ
എസ്ബിഐ നടപടികള്‍ക്ക് പിന്നാലെ പെരുമാറ്റ ചട്ടങ്ങളുമായി കനറാബാങ്കും. അവധിദിവസങ്ങള്‍ക്ക് കാവിനിറം നല്‍കിയും രാഹുകാലം എഴുതിച്ചേര്‍ത്തും കലന്‍ഡര്‍ പരിഷ്‌കരിച്ച കനറ ബാങ്ക്, ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വസ്ത്രചട്ടവും യൂണിഫോമും നിര്‍ദേശിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ഓഫീസര്‍മാര്‍ ഏമ്പക്കംവിടുന്നതുള്‍പ്പെടെ വിലക്കി ഈ മാസം ആദ്യം എസ്ബിഐ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

മാന്യമായ വസ്ത്രധാരണമാണെങ്കിലേ ഉപയോക്താക്കള്‍ക്ക് ജീവനക്കാര്‍ ഉത്തരവാദിത്തമുള്ളവരാണെന്നും കാര്യശേഷിയുള്ളവരാണെന്നും തോന്നൂ. അതുകൊണ്ട് ഔദ്യോഗിക വസ്ത്രചട്ടം ബാങ്കില്‍ അത്യാവശ്യമാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സ്റ്റാഫ് അംഗങ്ങള്‍ അവരുടെ ഐഡി കാര്‍ഡിലെ പേര് കാണത്തക്കവിധം ധരിക്കണം. തൂപ്പുകാര്‍, പ്യൂണ്‍ ജോലിയിലുള്ളവര്‍, ആയുധധാരികളായ ഗാര്‍ഡുമാര്‍ എന്നിവര്‍ യൂണിഫോമും അതില്ലാത്തവര്‍ വൃത്തിയുള്ള വസ്ത്രവും ധരിക്കണം. വൃത്തിയുള്ള ഷൂ, അല്ലെങ്കില്‍ ചെരിപ്പ് ഉണ്ടാകണം. സ്ലിപ്പര്‍ ധരിക്കാന്‍പാടില്ല. ഷോര്‍ട്സ്, ത്രീ ഫോര്‍ത്ത്, മുഴുനീളമില്ലാത്ത ട്രൗസറുകള്‍, ടീ ഷര്‍ട്ട്, ജീന്‍സ്, സ്നീക്കേഴ്സ്, സ്പോര്‍ട്സ് ഷൂ എന്നിവയും ധരിക്കാന്‍പാടില്ല. ഫോര്‍മല്‍വസ്ത്രമേ ധരിക്കാവൂ. ധരിക്കുന്ന വസ്ത്രം ഭംഗിയും കുലീനതയും വൃത്തിയും വെടിപ്പും ഉള്ളതാകണം. ജീവനക്കാര്‍ വൃത്തിയുള്ളവരും എപ്പോഴും സന്തോഷഭാവം ഉള്ളവരുമാകണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

എക്സിക്യൂട്ടീവ്മാര്‍, സ്‌കെയില്‍ നാല് ജീവനക്കാര്‍, അതിനു മുകളിലുള്ളവര്‍ എന്നിവര്‍ പുരുഷന്മാരാണെങ്കില്‍ ബാങ്കിലും പുറത്തും അവര്‍ ഷര്‍ട്ടിനൊപ്പം ടൈ നിര്‍ബന്ധമായും ധരിക്കണം.സ്ത്രീകളാണെങ്കില്‍ ഇന്ത്യന്‍ ഔപചാരിക വേഷമാകാം. പാശ്ചാത്യവേഷം ധരിക്കുന്നതിന് വിലക്കില്ല. ഷൂസോ വൃത്തിയുള്ള ചെരിപ്പോ ഇടണം. പുരുഷന്മാര്‍ മുഴുനീള ട്രൗസറും ഫോര്‍മല്‍ ഷര്‍ട്ടും ഇടണം. ഒപ്പം വൃത്തിയുള്ള ഷൂസോ ചെരിപ്പോ ഉണ്ടാകണം. ബ്രാഞ്ച് ചുമതലക്കാരനും സെക്ഷന്‍ തലവന്മാരും ടൈ ധരിക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.

ഏമ്പക്കം വിടുന്നതുള്‍പ്പെടെ വിലക്കി നേരത്തെ എസ്ബിഐ ഇറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. ഏമ്പക്കം അരോചകമാണെന്നാണ് അധികൃതരുടെ ന്യായീകരണം. ജീവനക്കാര്‍ നാടന്‍ഭാഷ സംസാരിക്കുന്നതും വിലക്കിയിരുന്നു. ദിവസവും താടി വടിക്കണം, തലമുടി വൃത്തിയായി ചീകിയൊതുക്കി വയ്ക്കണം, വായ്നാറ്റവും ശരീരദുര്‍ഗന്ധവും ഒഴിവാക്കണം, ബെല്‍റ്റും ഷൂസും ഒരേനിറത്തിലുള്ളതാകണം എന്നിങ്ങനെയായിരുന്നു മറ്റ് നിര്‍ദേശങ്ങള്‍.