കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ ലഹരി എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം. കൊല്ലം സ്വദേശിയായ ഈ വിദ്യാർത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും.
റിമാൻഡിലുള്ള വിദ്യാർത്ഥി ആകാശിനെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിൻറെ കണക്കുകൂട്ടൽ. വെള്ളിയാഴ്ച പുലർച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്.
Read more
അതേസമയം കൊച്ചിയിൽ ലഹരിവേട്ട തുടരുകയാണ് പൊലീസ്. ഇന്നലെ രാത്രി വൈകി കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലും പൊലീസ് മിന്നൽ പരിശോധന നടത്തി. ഹോസ്റ്റലുകളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന് എസിപി പറഞ്ഞു. ഒരു വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചവരെയും പിടികൂടി.