കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; പിടിയിലായവരിൽ എസ്എഫ്ഐ നേതാവും

കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിൽ പിടിയിലായവരിൽ എസ്എഫ്ഐ നേതാവും. കേസുമായി ബന്ധപ്പെട്ട് കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതിൽ അഭിരാജ് എസ്എസ്ഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി ആണ്.

അതേസമയം ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദിത്യനെയും ആർ അഭിരാജിനെയുമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അതേസമയം ഹോസ്റ്റലിൽ നിന്ന് പിടിയിലായ അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി.

എന്നാൽ തൻ്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടികൂടിയതെന്ന് ആർ അഭിരാജ് പറഞ്ഞു. കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്നും അഭിരാജ് ആരോപിച്ചു. കഞ്ചാവ് ആരോ പുറത്തുനിന്ന് കൊണ്ടുവച്ചതാണെന്നും താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും കഞ്ചാവ് മാഫിയയുമായി തനിക്ക് ബന്ധമില്ലെന്നും അഭിരാജ് പറഞ്ഞു.

ഇന്നലെ രാത്രി 11.20 നാണ് കളമശ്ശേരി പോളി ടെക്‌നിക് കോളജിൻ്റെ ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുന്നത്. കഞ്ചാവിന് പുറമെ മദ്യവും പൊലീസ് നടത്തിയ റെയ്‌ഡിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നി​ഗമനം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം പുരോ​ഗമിക്കുകയാണ്.

അതേസമയം കഞ്ചാവ് എത്തിച്ച് നൽകിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. തൃക്കാക്കര എസിപിയുടേയും, നാർക്കോട്ടിക് സെൽ വിഭാ​ഗത്തിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Read more