നെയ്യാറ്റിൻകരയിലെ തർക്ക ഭൂമി ബോബി ചെമ്മണ്ണൂരിൽ നിന്നും സ്വീകരിക്കാനാവില്ലെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ. തർക്ക ഭൂമിയായതിനാൽ സർക്കാർ തന്നെ അത് ഏറ്റെടുത്ത് നൽകണമെന്നാണ് കുട്ടികൾ പറയുന്നത്. ഭൂമി വസന്തയുടെ പേരിലാണ് എന്നതിന് തെളിവില്ലെന്നും കുട്ടികൾ പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ നല്ല മനസ്സിന് ഒരുപാട് നന്ദിയും ബഹുമാനവുമുണ്ട്, പക്ഷെ കേസിൽ കിടക്കുന്ന ഭൂമി ആയതിനാൽ സർക്കാരിന് മാത്രമേ ഇത് പട്ടയം നൽകാൻ അവകാശമുള്ളൂ, അതിനാൽ സർക്കാർ പട്ടയം തന്നാലേ തങ്ങൾക്ക് ഭൂമിയിൽ താമസിക്കാൻ അവകാശമുള്ളൂ എന്ന് കുട്ടികൾ പറഞ്ഞു. വസന്ത എന്ന സ്ത്രീ വ്യാജ പട്ടയമാണ് ബോബി ചെമ്മണ്ണൂരിന് നൽകിയതെന്നും ബോബി ചെമ്മണ്ണൂരിനെ അവർ പറ്റിക്കുകയായിരുന്നു എന്നും കുട്ടികൾ പറഞ്ഞു.
തിരുവനന്തപുരത്തെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ തന്നെ വിളിച്ച്, രാജന്റെ മക്കളെ തർക്കഭൂമി വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുവെന്നും തുടര്‍ന്ന് താൻ ഇന്നലെ തിരുവനന്തപുരത്തെത്തി സ്ഥലത്തിന്റെ ഉടമയായ വസന്തയെ കണ്ട്, രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങുകയായിരുന്നു എന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
കുട്ടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ രേഖകള്‍ ഉടന്‍ അവര്‍ക്ക് കൈമാറും. എന്നിട്ട് അവരെ ശോഭ സിറ്റിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവരുടെ വീട് പണി പൂര്‍ത്തിയായ ശേഷം അവരെ അവിടെ തിരികെയെത്തിക്കും എന്നീ വാഗ്ദാനങ്ങളാണ് ബോബി ചെമ്മണ്ണൂർ നൽകിയത്. എന്നാൽ ഈ വാഗ്ദാനം കുട്ടികൾ സ്നേഹപ്പൂർവം നിരസിച്ചു.
ഭൂമി ഇടപാടിൽ വസന്ത തന്നെ വഞ്ചിച്ചു എന്ന് തെളിഞ്ഞാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും. കുട്ടികളുടെ മാതാപിതാക്കൾ ഉറങ്ങുന്ന ഭൂമി അവർക്ക് തന്നെ ലഭിക്കുന്നതിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും ബോബി ചെമ്മണ്ണൂർ വ്യകത്മാക്കി.