ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ യുവാക്കളാണ് മരിച്ചത്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിങ്കള്‍ രാത്രി 9.30ഓടെയായിരുന്നു അപകടം.
വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ്, മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആലപ്പുഴയിലേക്ക് പോയ ടവേര കാറുമാണ് കൂട്ടിയിടിച്ചത്.
അപകടസമയത്ത് കാറില്‍ പന്ത്രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍ സീറ്റില്‍ ഇരുന്ന രണ്ടുപേരും പിന്‍ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റു. കനത്ത മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം നിലച്ചു.