മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന

വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ ക്രിസ്ത്യന്‍ സംഘടനയായ കാസ. സംസ്ഥാനത്ത് നിന്ന് വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. മുസ്ലീം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷിചേരാനാണ് കാസ അപേക്ഷ നല്‍കിയിരിക്കുന്നത്.

മുനമ്പം നിവാസികള്‍ക്ക് വഖഫ് ഭേദഗതി നിയമം നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാസ കോടതിയെ സമീപിച്ചിരിക്കുന്നത്. കാസ നല്‍കിയ അപേക്ഷയില്‍ വഖഫ് നിയമത്തിന്റെ സാധ്യതകള്‍ ദുരുപയോഗം ചെയ്യുന്നത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ കാസ ആരോപിക്കുന്നുണ്ട്.

അതേസമയം വഖഫ് ഭേദഗതി നിയമത്തില്‍ സുപ്രീം കോടതി തുടര്‍ന്ന് പരിഗണിക്കുന്ന അഞ്ച് ഹര്‍ജികളിലും മുസ്ലീം ലീഗിനെ പരിഗണിക്കില്ല. എന്നാല്‍ കക്ഷിചേരല്‍ അപേക്ഷ നിലനില്‍ക്കുമെന്നാണ് കാസയുടെ അഭിഭാഷകര്‍ പറയുന്നത്. മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം വഖഫ് ഭേദഗതി നിയമം നിര്‍ണായകമാണ്.

കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ ആണ് സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കെവിന്‍ പീറ്റര്‍ നല്‍കിയ അപേക്ഷയില്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും ചൂണ്ടിക്കാട്ടുന്നു. അഡ്വ ടോം ജോസഫാണ് കാസയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.