കാസയുടെ മുഖമുദ്ര മുസ്ലീം വിരോധം; രാഷ്ട്രീയ പ്രവേശം സാമൂഹിക സംഘര്‍ഷം വളര്‍ത്തും; കേരള കോണ്‍ഗ്രസിന്റെ പ്രസക്തിയെ ചോദ്യം ചെയ്യും; ആഞ്ഞടിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ്

സംഘപരിവാറിനും മോദി സര്‍ക്കാറിനും വേണ്ടി രഹസ്യമായും നിഗൂഢമായും പ്രവര്‍ത്തിക്കുന്ന ‘കാസ’ എന്ന ക്രൈസ്തവ കൂട്ടായ്മയുടെ രാഷ്ട്രീയ രംഗ പ്രവേശനത്തിനുള്ള നീക്കം സാമൂഹിക സംഘര്‍ഷം വളര്‍ത്തുകയും മതമൈത്രി തകര്‍ക്കുകയും ചെയ്യുമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ്
(ഐഎന്‍എല്‍) സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.

2008 മുതല്‍ രഹസ്യമായും വിദ്വേഷ പ്രചാരകരായും പ്രവര്‍ത്തിക്കുന്ന കാസയുടെ മുഖമുദ്ര മുസ്ലിം വിരോധമാണ്. ലൗ ജിഹാദിലൂടെ 20000 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റിയെന്നും എല്ലാ മേഖലകളിലും ഈ വിഭാഗം ‘ജിഹാദി’ലൂടെ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്ന ഈ സംഘം ഹിന്ദുത്വക്ക് വേണ്ടിയാണ് വിടുവേല ചെയ്യുന്നത്.

യഹോവ സാക്ഷികളൊഴികെ 17 സുപ്രധാന സഭകളുടെ പിന്തുണയും ആശീര്‍വാദവും തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്‍ കേരള കോണ്‍ഗ്രസിന്റെ പ്രസക്തിയെയാണ് ചോദ്യം ചെയ്യുന്നത്. മത സമൂഹങ്ങളെ തമ്മില്‍ തല്ലിച്ച് സംഘപരിവാര്‍ രാഷ്ട്രീയത്തിന് മണ്ണാെരുക്കുകയാണ് ആത്യന്തികലക്ഷ്യമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.

ഇസ്ലാമോ ഫോബിയ പരത്താന്‍ ഏതറ്റംവരെ പോകാനും മടിക്കാത്ത ‘കാസ’യുടെ രാഷ്ട്രീയ രംഗ പ്രവേശം ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും, മതനിരപേക്ഷ ശക്തികള്‍ ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള സ്ഥലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് കാസ ഭാരവാഹികള്‍ അറിയിച്ചത്. മറ്റിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനുമാണ് കാസയുടെ നീക്കം. പാര്‍ട്ടി രൂപവത്കരണത്തിന് പഠനങ്ങള്‍ നടത്തിയതായാണ് ഭാരവാഹികള്‍ അറിയിക്കുന്നത്. എന്നാല്‍, പാര്‍ട്ടി രൂപവത്കരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്ററിന്റെ ഔദ്യോഗിക പ്രതികരണം.

അതേസമയം തദ്ദേശതിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ യുവതി-യുവാക്കളെ മത്സരരംഗത്തേക്ക് ഇറക്കും. അങ്ങനെയുള്ളവരെ കണ്ടെത്തുകയും പ്രേരിപ്പിക്കുകയും തയ്യാറായവരെ പിന്തുണയ്ക്കുകയും ചെയ്യും. അതിനുള്ള തീരുമാനം എടുത്ത് പ്രവര്‍ത്തനം തുടങ്ങിയെന്നും കെവിന്‍ പീറ്റര്‍ വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി രൂപവത്കരണത്തെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന ഉത്തരമാണ് കെവിന്‍ പീറ്റര്‍ നല്‍കിയതെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Read more

‘കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പിലെ കണക്കുകളടക്കം പരിശോധിച്ചാണ് പഠനം നടത്തിയത്. കേരള കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമല്ല. വിശ്വാസ്യത നഷ്ടപ്പെട്ടു. കറകളഞ്ഞ, ദേശീയതയ്‌ക്കൊപ്പം നില്‍ക്കുന്ന വലത് രാഷ്ട്രീയപ്പാര്‍ട്ടിക്കുള്ള സ്‌പെയ്സ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. പാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഭാവിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരികയും രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങേണ്ടത് ആവശ്യമായി വരികയും ചെയ്താല്‍ അപ്പോള്‍ ആ തീരുമാനം എടുക്കും’- കെവിന്‍ പീറ്റര്‍ പറഞ്ഞു.