യു.എ.ഇയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്ത തൃശൂര്‍ സ്വദേശിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. പരാതിക്കാരനായ നാസിര്‍ അബ്ദുള്ളയുടെ കൊടുങ്ങല്ലൂരിലുള്ള വീട്ടിലാണ് പൊലീസ് പരിശോധ നടത്തിയത്.
മതിലകം പൊലീസ് രാവിലെ നാസിര്‍ അബ്ദുള്ളയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു. അരമണിക്കൂറോളം പൊലീസ് ഈ വീട്ടിലുണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാസിര്‍ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചെന്നാണ് വിവരം. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്.
വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. അജ്മാനില്‍ ജാമ്യത്തുക കെട്ടിവെച്ചു.
പത്ത് വര്‍ഷം മുമ്പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പൊലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം മുമ്പാണ് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസിര്‍ അബ്ദുള്ളയ്ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) ചെക്ക് നല്‍കിയത്. ഈ ചെക്കിന് നിയമ സാധുത ഇല്ലെന്നാണ് തുഷാറിന്റെ നിലപാട്.
നാസിര്‍ അബ്ദുള്ളയ്ക്ക് പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കി . എന്നിട്ടും തിയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തിയതി എഴുതിച്ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസവഞ്ചനയാണ് എന്നും തുഷാര്‍ വാദിക്കുന്നു . ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ, നാസിര്‍ യു.എ.ഇ.യിലേക്ക് വിളിച്ചു വരുത്തിയത് . അവിടെ വെച്ചായിരുന്നു തുഷാര്‍ അറസ്റ്റിലായത്. നാല് ദിവസം മുമ്പേ തന്നെ നാസിര്‍ അബ്ദുള്ള തുഷാര്‍ വെളളാപ്പള്ളിക്കെതിരെ അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു . തുഷാറിന് ഇതു സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല.
അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസിര്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേ സമയം സബ്കോണ്‍ട്രാക്ടറായിരുന്ന നാസിര്‍ അബ്ദുള്ളക്ക് കുറെ പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു തര്‍ക്കം.