ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിലാണ് കേസ്.
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവത്തിലാണ് നടപടി. കെ സുരേന്ദ്രന്‍ ആദ്യം പതാക ഉയര്‍ത്തിയത് തലതിരിച്ചായിരുന്നു. തെറ്റ് മനസിലായി ഉടന്‍ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു.
അതേസമയം, പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബിജെപിയുടെ വിശദീകരണം. അതിനിടെ മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന പാടിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ രൂക്ഷ വിമർശനമാണ് ഉയർന്നത്. അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരം ഫോണില്‍ നോക്കി ജനഗണമന പാടി മന്ത്രിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചു. മൊബൈല്‍ നോക്കാതെ ദേശീയ ഗാനം അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.
സി.പി.ഐ.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജെ. സെന്ററിൽ ദേശീയ പതാക ഉയർത്തിയതിൽ നിയമലംഘനം നടന്നെന്നും വിമർശനം ഉയർന്നിരുന്നു. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എ.കെ.ജി സെന്ററിൽ നടന്നതെന്നാണ് ആരോപണം.
പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ് നൽകിയതെന്നും സി.പി.ഐ.എമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും കെ.എസ് ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.