കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി.എന്‍ അനില്‍ കുമാര്‍ രാജിവെച്ചു. വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.
കേസില്‍ രാജി വെയ്ക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍ കുമാര്‍. വിചാരണക്കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുകേശനും രാജിവെച്ചത്.
വിചാരണ കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച്് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. വിചാരണക്കോടതിയുടെ നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ല, കോടതി പ്രതികൂലമായി നിലപാടെടുക്കുന്നു എന്നതടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടര്‍ ആരോപിക്കുന്നത്. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതേ സമയം തുടരന്വേഷണം നടക്കുന്നതിനാല്‍ വിചാരണ നിര്‍ത്തിവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഇക്കാര്യം കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് എതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് പൊലീസ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്നാരോപിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാറാണ് രംഗത്തെത്തിയത്. നടിയ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു, ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.