പത്തനംതിട്ട തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം പ്രാദേശിക പ്രവര്‍ത്തകനായ സജി എലിമണ്ണിലാണ് അറസ്റ്റിലായത്. കേസിലെ പതിനൊന്നാം പ്രതിയാണ് ഇയാള്‍. യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവരടക്കം 12 പേരാണ് പ്രതികള്‍. മറ്റുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.
2021 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് കാറില്‍ വച്ച് ജ്യൂസ് നല്‍കി മയക്കിക്കിടത്തിയ ശേഷം നഗ്നചിത്രങ്ങള്‍ എടുത്തുവെന്നാണ് പരാതി. ചിത്രങ്ങള്‍ കാണിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. കേസെടുത്ത് നാല് ദിവസത്തിനകമാണ് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവല്ല കുറ്റപുഴയില്‍ നിന്നുമാണ് സജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കേസിലെ മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടില്ലെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സിപിഎം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതെന്ന് ആരോപണ വിധേയര്‍ പറഞ്ഞിരുന്നു. അതിനാല്‍ പാര്‍ട്ടി തലത്തിലും അന്വേഷണം നടത്താന്‍ സിപിഎം തീരുമാനിച്ചട്ടുണ്ട്.