കോടതിയോട് മാപ്പ് ചോദിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് തീർപ്പാക്കിയത്. ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോതിക്കുന്നുവെന്ന് ബോബി പറഞ്ഞു. ഒരിക്കലും കോടതിയെ അപമാനിക്കാനുള്ള ഉദ്ദേശം എല്ലായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോടതിയോട് വിവരമുള്ള ആരും കളിക്കില്ലെന്നും ബോബി കൂട്ടിച്ചേർത്തു. ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളൂ, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തതെന്ന് ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.
ജാമ്യവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഇന്നുരാവിലെയാണ് അധികൃതര്‍ തന്നെ സമീപിച്ചത്. ജാമ്യം എടുക്കാന്‍ ആള്‍ക്കാരില്ലാത്ത, പണം അടയ്ക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് എന്നെകൊണ്ട് സാധിക്കുന്ന സഹായം ചെയ്യാമെന്നേറ്റിരുന്നു. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നിയമസഹായത്തിനായി ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ പ്രഖ്യാപിച്ചെന്നും ബോബി വ്യക്തമാക്കി.
താന്‍ കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂര്‍വം പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്. താന്‍ ഇത്രയും കാലം കോടതിയെ ബഹുമാനിച്ചിട്ടേയുള്ളൂ. ഭാവിയിലും അങ്ങനെയായിരിക്കും, അല്ലാതെ ഒരു വിവരക്കേടും ഞാന്‍ ചെയ്യില്ല. മനഃപ്പൂര്‍വം അല്ലെങ്കില്‍ പോലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും ബോബി പറഞ്ഞു.