പൊലീസ് അധീനതയിലുള്ള പ്രദേശത്ത് കശുവണ്ടി പെറുക്കുന്ന ജോലിയും ഇനി പൊലീസ് ഉദ്യോദസ്ഥര്‍ക്ക് തന്നെ. ലേലത്തില്‍ കശുവണ്ടി വാങ്ങാന്‍ ആരും വരാതായതോടെയാണ് കെ എ പി നാലാം ബറ്റാലിയന്‍ പ്രദേശങ്ങളില്‍ താഴെ വീണ് പോകുന്ന കശുവണ്ടി ശേഖരിക്കാന്‍ അസി. കമാന്‍ഡന്റിനെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി മൂന്നംഗ കമ്മിറ്റിയ ചുമതലപ്പെടുത്തി. എസ്‌ഐ അടക്കം മൂന്ന് പേര്‍ക്കാണ് ചുമതല.
കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കശുമാവുകളില്‍ നിന്നും നിന്ന് കശുവണ്ടി ശേഖരിക്കുന്നത് സംബന്ധിച്ച് നാല് തവണ ലേലം നടത്തുകയുണ്ടായി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഈ വര്‍ഷം കശുവണ്ടിയുടെ ഉല്‍പാദനത്തില്‍ കുറവ് വരികയും വിപണിയില്‍ വില കുറവായതിനാലും, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞതും കാരണം ആരും ലേലം കൊള്ളാന്‍ തയ്യാറാകുന്നില്ല.
Read more
നിലവില്‍ പാകമായ കശുവണ്ടികള്‍ താഴെവീണു നശിച്ചു പോകുന്ന അവസ്ഥയാണ്. താഴെ വീണ് കിടക്കുന്ന കശുവണ്ടികള്‍ നശിച്ചുപോകുന്നതിന് മുമ്പ് കശുവണ്ടി ശേഖരിക്കുന്നതിനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനുമുള്ള നടപടികള്‍ അസി. കമാന്‍ഡന്റ് ക്യൂഎം സ്വീകരിക്കണം. എല്ലാ ആഴ്ചകളിലും ശേഖരിച്ച കശുവണ്ടിയുടെ കൃത്യമായ തൂക്കം സംബന്ധിച്ച വിശദ വിവരങ്ങള്‍ കമാന്‍ഡന്റിനെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.