പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗള എന്ന കടുവക്കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ തീരുമാനം. തിമിര ചികിത്സയ്ക്കുള്ള മരുന്ന് അമേരിക്കയില്‍ നിന്നെത്തിക്കാനാണ് നീക്കം. ചികിത്സയ്ക്കായി നിയോഗിച്ച പ്രത്യേക സംഘമാണ് മംഗളയ്ക്ക് മരുന്ന് നിര്‍ദ്ദേശിച്ചത്. മംഗളയുടെ രണ്ടു കണ്ണുകള്‍ക്കും കാഴ്ച തകരാറാണെന്ന് വിഗദ്ധ സമിതി കണ്ടെത്തി. രാജ്യത്ത് ഇതാദ്യമായാണ് കടുവയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്.
പെരിയാര്‍ കടുവാസങ്കേതത്തിലെ ഫോറസ്റ്റര്‍മാരായ ബിജുമോന്‍, വിശ്വനാഥന്‍ എന്നിവർക്കാണ് മംഗളാദേവി ക്ഷേത്രത്തിന് സമീപത്തു നിന്നും കടുവക്കുഞ്ഞിനെ ലഭിച്ചത്. ശരീരോഷ്മാവ് കുറഞ്ഞു പോകുന്ന ഹൈപ്പോതരാമിയ എന്ന അവസ്ഥയിലായിരുന്നു കടുവക്കുഞ്ഞിനെ ലഭിച്ചത്. പിന്‍കാലുകള്‍ തളര്‍ന്ന നിലയിലായിരുന്നു കടുവക്കുഞ്ഞ്. പിന്നീട് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് തിമിരം ബാധിച്ചു തുടങ്ങിയെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വിദഗ്ധ സമിതി ചികിത്സാ മേല്‍നോട്ടം ഏറ്റെടുക്കുകയായിരുന്നു.
കാട്ടില്‍ നിന്നും ലഭിക്കുമ്പോള്‍ മംഗള
സാധാരണഗതിയില്‍ പ്രായം ചെന്ന കടുവകളില്‍ ഇത്തരത്തില്‍ തിമിരം ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. പലപ്പോഴും കടുവകള്‍ ചത്തുകഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇത് കണ്ടെത്താറ്. എന്നാല്‍ കുഞ്ഞു കടുവകളില്‍ തിമിരം കണ്ടെത്തുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ചികിത്സയും ലോകത്ത് അപൂര്‍വ്വമാണ്.