തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരേ മുന്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കെസിവൈഎം. ’30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ, ബി.ജെ.പി നല്‍കുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ’ എന്ന ജലീലിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെയാണ് കെസിവൈഎം രംഗത്തെത്തിയിരിക്കുന്നത്.
ബിഷപ്പിനെതിരെ വധഭീഷണി ഉയര്‍ത്തിയ ജലീല്‍ മാപ്പു പറയണമെന്ന് കെസിവൈഎം, എസ്എംവൈഎം താമരശേരി രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുള്ളന്‍കുന്ന് അങ്ങാടിയില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് ഉദ്ഘാടനം ചെയ്തു.
കര്‍ഷകരുടെ കൂടെനിന്ന തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കു നേരെ വധഭീഷണി മുഴക്കിയ മുന്‍ സിമി പ്രവര്‍ത്തകനും നിലവിലെ എംഎല്‍എയുമായ കെ. ടി. ജലീലിനെതിരെ രാജ്യദ്രോഹത്തിനും വധഭീഷണിക്കും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറര്‍ ഫിലിപ്പ് വെളിയത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭയിലെ ഒരു മെത്രാന്‍ കൊല്ലപ്പെടും എന്ന് ദ്യോതിപ്പിക്കുന്ന പരസ്യപ്രസ്താവന നടത്തിയ ഇദ്ദേഹത്തെ തുറുങ്കിലടയ്ക്കാന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിക്കുന്നു.
‘ബിജെപി നല്‍കുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ടു വേണ്ടേ’ എന്ന കെ. ടി. ജലീലിനെപ്പോലെ ഒരു എംഎല്‍എയുടെ പ്രസ്താവന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉളവാക്കുന്നതാണ്. എംഎല്‍എ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ചുകൊണ്ട് പരസ്യമായ കലാപാഹ്വാനമാണ് ഇദ്ദേഹം നടത്തുന്നത്.
റബറിന് 300 രൂപയാക്കണമെന്ന് ആഹ്വാനം ചെയ്ത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ തലയ്ക്കാണോ ഇദ്ദേഹം വില പറയുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സംഘടനാ പ്രവര്‍ത്തനം നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതാണ് എന്നതുകൂടി പരിഗണിക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുന്നു.
ഒളിഞ്ഞും തെളിഞ്ഞും ക്രൈസ്തവരെയും ക്രൈസ്തവ മേലധ്യക്ഷന്‍മാരെയും സന്യസ്തരേയും വിശുദ്ധ കൂദാശകളെയും നിരന്തരം അപമാനിക്കാന്‍ ശ്രമിച്ചിട്ടുള്ള ഇദ്ദേഹം രാഷ്ട്രീയക്കാരന്‍ എന്ന മുഖം മൂടി അണിഞ്ഞ സാമൂഹ്യവിരുദ്ധനാണോ പലപ്പോഴും തോന്നിയിട്ടുള്ളതും ക്രൈസ ്തവ സംഘടനകള്‍ പലതവണ ഈ ആശങ്ക പങ്കുവച്ചിട്ടുള്ളതുമാണെന്നും പ്രസ്താവ നയില്‍ ചൂണ്ടിക്കാട്ടി.