സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ ആണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഐസി ബാലകൃഷ്ണൻ പറഞ്ഞിട്ടാണ് പണപ്പിരിവ് നടത്തിയതെന്നും പിന്നിൽ കോൺഗ്രസ് നേതാക്കൾ മാത്രമാണുള്ളതെന്നും വ്യക്തമായി. യുഡിഎഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

പി വി അൻവറിന്റെ അറസ്റ്റിനെ പറ്റി ചോദിച്ചപ്പോൾ അത് സ്വാഭാവിക നടപടിയെന്നും ആർക്കും ഒരു ഹീറോ പരിവേഷവും ഇല്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീലപ്പെട്ടി പരാമർശത്തിൽ എൻഎൻ കൃഷ്ണദാസിന് പാർട്ടിയുടെ പരസ്യതാക്കീതുണ്ടായി. കൃഷ്ണദാസ് പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന് വരുത്തിയെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.