വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചു വരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസ് അന്വേഷണം ചോദ്യം ചെയ്ത് പദ്ധതിയുടെ നിര്‍മ്മാതാക്കളായ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹർജിയിലാണ് സിബിഐ വിശദീകരണം. കേന്ദ്ര അനുമതിയില്ലാതെ ഫണ്ട് വാങ്ങാൻ കഴിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന ഹർജിക്കാരന്‍റെ ആവശ്യം കോടതി തള്ളി.
ലൈഫ് മിഷനിൽ അഴിമതി നടന്നെങ്കിൽ അതിൽ യൂണിടാകിന് ഒരു ഉത്തരവാദിത്വവുമില്ലെന്നും, തന്‍റേത് ഒരു സ്വകാര്യ ഏജൻസി മാത്രമാണെന്നുമായിരുന്നു ഹർജിക്കാരനായ സന്തോഷ് ഈപ്പന്‍റെ വാദം. വാദം നടക്കവേയാണ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ ചില വാദങ്ങൾ സിബിഐ കോടതിയിൽ ഉന്നയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ പറഞ്ഞു.
സന്തോഷ് ഈപ്പൻ ഫോൺ നൽകിയതിലും പണം നൽകിയതിലും അഴിമതിയുണ്ട് എന്ന് സിബിഐ കോടതിയിൽ വാദിച്ചു. സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പൻ കമ്മീഷൻ നൽകിയതും കൈക്കൂലിയായി കണക്കാക്കണം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതിനാൽ ഇക്കാര്യത്തിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്‍റെ ആവശ്യം തള്ളണമെന്നും സിബിഐ ഹൈക്കോടതിയിൽ വാദിച്ചു.
സന്തോഷ് ഈപ്പൻ കൈക്കൂലി നൽകിയെങ്കിൽ തന്നെ അത് വിദേശവിനിമയ നിയന്ത്രണച്ചട്ടത്തിന്‍റെ (എഫ്സിആർഎ) പരിധിയിൽ വരുമോ എന്ന് കോടതി സിബിഐയോട് ചോദിച്ചു. അത് അന്വേഷിക്കേണ്ടത് വിജിലൻസല്ലേ എന്നും കോടതി ആരാഞ്ഞു. ഇതിൽ വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും, ലൈഫ് മിഷൻ സിഇഒ യു വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും സിബിഐ കോടതിയിൽ മറുപടി നൽകി.
ഈ സമയത്താണ്, ലൈഫ് മിഷനിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതിന്‍റെ അന്വേഷണ ഫയൽ വിളിച്ചു വരുത്തണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെടുന്നത്. എന്നാലിതിനെ സംസ്ഥാന സർക്കാർ ശക്തമായി കോടതിയിൽ എതിർത്തു. വിജിലൻസിനോട് അന്വേഷണത്തിന്‍റെ എല്ലാ രേഖകളും ഉടനടി നൽകണമെന്ന് സിബിഐ പല തവണ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന വിവാദം നിലനിൽക്കെയാണ് സിബിഐ ഇത്തരമൊരു ആവശ്യം ഹൈക്കോടതിയിൽ ഉന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്.
സിബിഐയുടെ ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ കോടതിയിൽ ശക്തമായി വാദിച്ചു. കേസിൽ സ്വതന്ത്രമായി വിജിലൻസ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ കോടതിയിലേക്ക് ഫയൽ വിളിച്ചു വരുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അത് ശരിയായ കീഴ്‍വഴക്കമാകില്ലെന്നും കോടതിയിൽ സർക്കാർ വാദിച്ചു.
കേസിൽ വ്യാഴാഴ്ച വിശദമായി വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. അന്ന് ലൈഫ് മിഷന് വേണ്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നുണ്ട്. അന്ന് തന്നെ സന്തോഷ് ഈപ്പന്‍റെ ഈ ഹർജിയും കോടതി പരിഗണിക്കും.