ഉമ്മന്‍ ചാണ്ടിയെ ചതിച്ചവര്‍ക്കുള്ള മറുപടിയാണ് സിബിഐ റിപ്പോര്‍ട്ട്; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് വിഡി സതീശന്‍

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തവര്‍ക്കുള്ള മറുപടിയാണ് സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയുമെന്ന് അടിവരയിടുന്നതാണ് സിബിഐ റിപ്പോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവര്‍ കണക്ക് പറയേണ്ടി വരും. സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ നടന്നതാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഗൂഡാലോചന. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഡാലോചനയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും സതീശന്‍ ആരോപിച്ചു.

Read more

ഇത്രയും നീചമായ ഗൂഡാലോചന കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സിബിഐ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഉമ്മന്‍ ചാണ്ടി ഇനിയും ജനഹൃദയങ്ങളില്‍ ജീവിക്കും. വേട്ടയാടിയവര്‍ ജനങ്ങളാല്‍ വെറുക്കപ്പെടും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓര്‍ക്കണമെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.