കെ എം എബ്രഹാമിന്റെ 12 വർഷത്തെ സ്വത്തുവിവരങ്ങൾ അന്വേഷിക്കും; പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് സിബിഐ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുരുക്കിലായ കെ എം അബ്രഹാമിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ്‌ഐആറിന്റെ പകർപ്പ് റിപ്പോർട്ടറിന്. എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത് അഴിമതി നിരോധന നിയമത്തിലെ 13(2), 13 (1)e എന്നീ വകുപ്പുകളാണ്. 12 വർഷത്തെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുക. തിരുവനന്തപുരത്തും മുംബൈയിലും വാങ്ങിയ ഫ്ലാറ്റുകളും കൊല്ലം കടപ്പാക്കടയിലെ ഷോപ്പിംഗ് കോംപ്ലക്സും അന്വേഷണ പരിധിയിൽ വരും.

 ഏപ്രിൽ 26 നാണ് കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമാണ് കെ എം എബ്രഹാം.
മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹ‍ർ‌ജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നി‍ർദ്ദേശം നൽകിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നി‍ർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സിബിഐക്ക് വിജിലൻസ് കൈമാറണമെന്നും ഉത്തരവിലുണ്ടായിരുന്നു.