സംസ്ഥാനങ്ങളെ കേന്ദ്രം കബളിപ്പിക്കുന്നു; ഇന്ധനവില കുറച്ചത് പര്യാപ്തമല്ലെന്നും ധനമന്ത്രി

പെട്രോള്‍, ഡീസല്‍ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കുറവ് പര്യാപ്തമല്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന വില്‍പ്പനയില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ നികുതിവിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധന വില്‍പ്പനയിലൂടെ കമ്പനികള്‍ കോടികള്‍ കൊയ്യുകയാണ്. ഇന്ധന വിലക്കയറ്റമാണ് ജീവിത ചെലവ് വര്‍ദ്ധിപ്പിക്കുന്നത്. ക്രൂഡ് വില താഴ്ന്നു നില്‍ക്കുമ്പോഴും കേന്ദ്രം ഇന്ധന വില കൂട്ടി. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. ഒരു തവണ കുറയ്ക്കുകയും ചെയ്തു. യു.ഡി.എഫ്. ഭരണ കാലത്ത് 13 തവണ നികുതി വര്‍ദ്ധിപ്പിച്ചതായും ബാലഗോപാല്‍ പറഞ്ഞു.

ഇന്ധന വില്‍പ്പനയില്‍ നിന്നുള്ള നികുതി വിഹിതത്തില്‍ സംസ്ഥാനങ്ങള്‍ അര്‍ഹമായത് കേന്ദ്രം നല്‍കുന്നില്ല. കേരളം നിരവധി സാമൂഹിക ക്ഷേമ പദ്ധതികളും കോവിഡ് പാക്കേജും നടപ്പിലാക്കി. ഇന്ധന നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനത്തിനുള്ളതാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് കേന്ദ്രം കടന്നുകയറുകയാണെന്നും ബാലഗോപാല്‍ ആരോപിച്ചു.