പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇത് അനുസരിച്ച് അടുത്ത ഏപ്രിൽ ഒന്നു മുതൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ എട്ടു മടങ്ങ് അധികം പണം നൽകേണ്ടി വരും.
കാറുകൾക്ക് 5000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 1000 രൂപയുമാണ് ഈടാക്കുക. നിലവിലിത് 600 രൂപ, 300 രൂപ എന്നിങ്ങനെയാണ് ഈടാക്കിയിരുന്നത്. കേന്ദ്ര സർക്കാരിൻറ പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം.
പതിനഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് 12,500 രൂപ നൽകണം. 1500 രൂപയാണ് നിലവിലെ തുക. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനത്തിന് 10,000 രൂപയും കാറുകൾക്ക് 40,000 രൂപയുമാണ് ഈടാക്കുക. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നിശ്ചിത കാലാവധി കഴിഞ്ഞ് വരുന്ന ഓരോ ദിവസത്തിനും 50 രൂപ പിഴയും ഈടാക്കും.
സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ മാസം 300 രൂപയും ചരക്കുവാഹനങ്ങൾക്ക് 500 രൂപയും പിഴ നൽകണം. സ്മാർട്ട് കാർഡ് രൂപത്തിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ 200 രൂപ അധികം നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.