കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ പണപ്പിരിവിനുള്ള ഗുണ്ടാപ്പടയായി പ്രവര്‍ത്തിക്കുന്നു; ന്യൂസ്മിനിറ്റ്, ന്യൂസ് ലോണ്ടറി അന്വേഷണത്തില്‍ തോമസ് ഐസക്ക്

കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ ഗുണ്ടാപ്പിരിവിനുള്ള ക്വട്ടേഷന്‍ സംഘങ്ങളായെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ടിഎം തോമസ് ഐസക്ക്.
ആരോടും ഒരു കണക്കും ബോധിപ്പിക്കേണ്ട ആവശ്യമില്ലാതെ കോടാനുകോടി രൂപ സമാഹരിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇലക്ടോറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ അപ്പോഴാണ് അടുത്ത വന്‍കിട അഴിമതിയുടെ കഥ വരുന്നത്.

2018-2019 മുതല്‍ 2022-2023 വരെ ഇഡിയുടെയും ആദായനികുതിവകുപ്പിന്റെയും നടപടികള്‍ നേരിട്ട 30 കമ്പനികള്‍ 335 കോടി രൂപ ബിജെപിക്ക് സംഭാവന നല്‍കിയതിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ബദല്‍ മാധ്യമങ്ങളായ ‘ന്യൂസ് ലോണ്ടറി’യും ‘ന്യൂസ് മിനിറ്റും’ ചേര്‍ന്ന് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകളും ഒരു കോടിയിലധികം സംഭാവന നല്‍കിയ കമ്പനികളുടെ ധനകാര്യപ്രസ്താവനകളും മറ്റും പരിശോധിച്ചാണ് ‘ന്യൂസ്മിനിറ്റും’ ‘ന്യൂസ് ലോണ്ടറി’യും ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

ഇപ്പറഞ്ഞ 30 കമ്പനികളില്‍ 23 കമ്പനികളും 2014-ല്‍ ബിജെപി കേന്ദ്രഭരണത്തില്‍ എത്തുന്നതിന് മുമ്പ് അവര്‍ക്ക് ഒരു സംഭാവനയും നല്‍കിയവരല്ല. കേന്ദ്ര ഏജന്‍സികളുടെ വേട്ട തുടങ്ങിയതിനുശേഷം ഇവര്‍ 187.58 കോടി രൂപയാണ് ബിജെപിക്ക് കൈമാറിയത്. കേന്ദ്ര ഏജന്‍സികളുടെ ‘അന്വേഷണം’ തുടങ്ങി നാല് മാസത്തിനുള്ളില്‍ നാല് കമ്പനികള്‍ 9.05 കോടി രൂപ ബിജെപിക്ക് കൈമാറി!. ബിജെപിയ്ക്ക് നേരത്തെതന്നെ സംഭാവനകള്‍ നല്‍കിയിരുന്ന ആറ് കമ്പനികള്‍ കേന്ദ്ര ഏജന്‍സികളുടെ തെരച്ചിലുകള്‍ക്ക് പിന്നാലെ കൂടുതല്‍ വലിയ തുക സംഭാവന നല്‍കി. ബിജെപിക്ക് വര്‍ഷാവര്‍ഷം സംഭാവനകള്‍ നല്‍കിയിരുന്ന വേറെ ആറ് കമ്പനികള്‍ ഒരു വര്‍ഷം പതിവ് തെറ്റിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ അവര്‍ക്കെതിരെ നടപടി തുടങ്ങി. ബിജെപിക്ക് സംഭാവന നല്‍കിയയതിന് കേന്ദ്രസര്‍ക്കാരിന്റെ അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം നേരിടുന്ന മൂന്ന് കമ്പനികള്‍ക്കാകട്ടെ ഇഡിയുടെയും മറ്റ് കേന്ദ്ര ഏജന്‍സികളുടെയും ഒരു നടപടിയും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല!

കഴിഞ്ഞില്ല. റെയ്ഡ് നടക്കുമ്പോഴും ആദ്യ റെയ്ഡ് നേരിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയും ബിജെപിക്ക് സംഭാവന നല്‍കിയ കമ്പനികളുണ്ട്. ചില കമ്പനികള്‍ സംഭാവനകള്‍ നല്‍കിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ അവരുടെ നടപടികള്‍ ഉപേക്ഷിക്കുകയോ അവയുടെ വേഗത കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതൊക്കെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കുത്തകകള്‍ വന്‍ തോതില്‍ രഹസ്യമായി നല്‍കിയ ആയിര കണക്കിന് കോടികളുടെ വിവരങ്ങളല്ല എന്നു മനസ്സിലാക്കണം.

2017-18 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവനയില്‍ 58.39 ശതമാനവും ഇലക്ടറല്‍ബോണ്ടുകള്‍ വഴിയായിരുന്നു. 2022-2023 വര്‍ഷത്തില്‍ മാത്രം 1300 കോടിയാണ് ഇലക്ടറല്‍ ബോണ്ട് മുഖേന ബിജെപി സമാഹരിച്ചത്. ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിയും ബിജെപി ആയിരക്കണക്കിന് കോടികള്‍ കഴിഞ്ഞ പത്തുവര്‍ഷ കാലയളവിനുള്ളില്‍ സമാഹരിച്ചിട്ടുണ്ട്.

ഇഡിയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരെ വിരട്ടുകയോ വരുതിയിലാക്കുകയോ മാത്രമല്ല, വന്‍കിട കമ്പനികളെ വിരട്ടി ബിജെപിയുടെ ഗുണ്ടാപ്പിരിവിനുള്ള കൊട്ടേഷന്‍ സംഘങ്ങളായി കേന്ദ്ര ഏജന്‍സികളെ അധ:പ്പതിപ്പിക്കുകയും ചെയ്തു. കുത്തക കമ്പനികള്‍ക്ക് വേണ്ടി പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുകയും ശിങ്കിടി മുതലാളിമാരുടെ പിന്തുണയോടുകൂടി ഭരണം നിലനിര്‍ത്തുകയും അവരുടെ താല്പര്യത്തിനുവേണ്ടി രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കുകയും ചെയ്യുന്ന അതേ ബിജെപി, പല കമ്പനികളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

ഇലക്ട്രല്‍ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ സുപ്രീംകോടതി അവ ആരില്‍ നിന്ന് ആര്‍ക്കൊക്കെ എത്രയൊക്കെ ലഭിച്ചു എന്ന കണക്കുകള്‍ വെളിപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. ആ കണക്കുകള്‍ ലഭ്യമാകുമ്പോള്‍ ജനങ്ങളുടെ ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായ കേന്ദ്ര ബിജെപി സര്‍ക്കാര്‍ തട്ടിപ്പിലും വെട്ടിപ്പിലും കൊള്ളയിലും മഹാവിദഗ്ദ്ധരാണെന്ന യാഥാര്‍ഥ്യം കൂടി പുറത്തുവരും. ”അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രം തച്ചുടയ്ക്കു”ന്നത് നമ്മുടെ രാജ്യത്തിന്റെ പൊതുതാല്‍പര്യമാണെന്ന സത്യമാണ് പകല്‍പോലെ വ്യക്തമാവുന്നത്.

2013 മേയിലാണ് സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആര്‍ എം ലോധ സിബിഐയെ ‘കൂട്ടിലടച്ച തത്ത’ എന്നും ‘യജമാനന്റെ ശബ്ദം’ എന്നും വിശേഷിപ്പിച്ചത്. ഇപ്പോള്‍ സിബിഐ മാത്രമല്ല ഇഡിയും ആദായനികുതി വകുപ്പും മറ്റ് പല കേന്ദ്ര ഏജന്‍സികളും കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗുണ്ടാപ്പട മാത്രമായി പ്രവര്‍ത്തിക്കുകയാണെന്നും അദേഹം പറഞ്ഞു.

Latest Stories

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ

ഒരാൾ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണോ? 2025-ൽ പ്രവേശിക്കുന്നതിന് മുമ്പ് പൊളിച്ചെഴുതേണ്ട 10 മിത്തുകൾ

രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ