ചെറുവളളി എസ്റ്റേറ്റില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് കേന്ദ്രാനുമതി. വിമാനത്താവള നിര്‍മ്മാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോര്‍ട്ട് അംഗീകരിച്ച് ആണ് നടപടി.
വിമാനത്താവള നിര്‍മ്മാണത്തിന് നേരത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. നിലവില്‍ പ്രദേശത്ത് പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടന്നുവരികയാണ്. ശബരിമല വിമാനത്താവളവും മധുര വിമാനത്താവളവും തമ്മിലുളള ആകാശ ദൂരം 148 കിലോമീറ്ററാണ്. ഇത് മധുര വിമാനത്താവളത്തെ ബാധിക്കില്ലെന്നും കേരളം കേന്ദ്രത്തെ അറിയിച്ചതോടെയാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ റണ്‍വേയാണ് ശബരിമലയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 3.50 കിലോമീറ്ററാണ് റണ്‍വേയുടെ നീളം.
ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ടേബിള്‍ ടോപ്പ് മാതൃകയിലുള്ള റണ്‍വേ സുരക്ഷ കുറവുള്ളതാണെന്ന് കേന്ദ്രം സൂചിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാന്‍ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനാണ് തീരുമാനം.
ചെറുവളളി എസ്റ്റേറ്റിന്റെ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണുളളത്. ഭൂമി സഭയുടെ ഉടമസ്ഥതയിലുള്ള അയന ട്രസ്റ്റിന്റെ പേരിലാണെന്നാണ് സഭയുടെ വാദം. എന്നാല്‍ കരമടയ്ക്കാന്‍ സഭ ഹൈക്കോടതി ഉത്തരവ് വഴി അനുമതി നേടിയെങ്കിലും അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സ്വീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി അയന ട്രസ്റ്റിന്റെ പേരിലാണെന്നുളളതിന് തെളിവില്ലെന്നാണ് സര്‍ക്കാര്‍ വാദം.