'ഇറാഖില്‍നിന്ന് നഴ്‌സുമാരെ രക്ഷിക്കാന്‍ കേന്ദ്രം ഐഎസിന് പണം നല്‍കിയിരുന്നിരിക്കാം'; പുതിയ വെളിപ്പെടുത്തലുമായി മെറീന ജോസ്‌

ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാകാമെന്ന് രക്ഷദൗത്യത്തിന് മുന്നില്‍ നിന്ന മെറീന ജോസ്. ടേക്ക് ഓഫ് എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതിലും ഭീകരമായിരുന്നു തങ്ങള്‍ നേരിട്ട അവസ്ഥയെന്ന് മെറീന ജോസ് മനസ് കേരളകൌമുദി പത്രത്തോട് മനസ്സ് തുറക്കുന്നു.

“ഭീകരര്‍ സദാസമയവും തോക്ക് ചൂണ്ടി അടുത്തുണ്ടായിരുന്നു. വെറുതെ ഞങ്ങളെ ഇറക്കി വിടുമെന്ന് വിശ്വസിക്കുന്നില്ല. എത്ര തുക തന്നാല്‍ വിടാം എന്ന് ഭീകരരുടെ ചര്‍ച്ചകളില്‍ കേട്ടിട്ടുണ്ട്. ഭീകരര്‍ക്ക് മോചനദ്രവ്യം നല്‍കിയെന്നത് ആക്ഷേപമല്ല, അങ്ങനെ തന്നെയായിരിക്കാം. ഭാഗ്യംകൊണ്ട് എല്ലാം ഒത്തുവന്നു.

ആശുപത്രിയില്‍നിന്നിറങ്ങി ബസിലേക്ക് കയറാന്‍ ഒരുദിവസം ഭീകരര്‍ ആവശ്യപ്പെട്ടു. എല്ലാവരും മടിച്ചുനിന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വിളിച്ച് മെറീന പറഞ്ഞു, “”ഇനി നിന്നാല്‍ ഒരാള്‍ പോലും രക്ഷപ്പെടില്ല””. കേന്ദ്ര മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി യെസ് പറഞ്ഞപ്പോഴാണ് 45 സഹപ്രവര്‍ത്തകരുമായി മെറീന ഭീകരരുടെ ബസില്‍ കയറിയത്. മെറീനയും കൂട്ടരും ബസില്‍ കയറിയതിന് പിന്നാലെ ഭീകരര്‍ ആശുപത്രി ബോംബിട്ട് തകര്‍ത്തു.

ഒരുപകലും രാത്രിയും മുഴുവനും നിറുത്താതെ യാത്ര. അടച്ചുമൂടിക്കെട്ടിയ ബസിനുള്ളില്‍ കൊടുംചൂട്. മനസലിവുതോന്നിയ ഭീകരര്‍ രണ്ടുവട്ടം കുടിവെള്ളവും ലഘുഭക്ഷണവും വാങ്ങിത്തന്നു. കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നാണ് തോന്നിയത്. ജീവനെക്കുറിച്ച് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പുറത്തേക്ക് ഒളിഞ്ഞുനോക്കുമ്പോള്‍ എങ്ങും തകര്‍ന്ന കെട്ടിടങ്ങളും മലനിരകളും മാത്രം. ആ യാത്രയില്‍ ദൈവം ഞങ്ങള്‍ക്ക് തുണയായി.

അമ്മ മരിച്ചുപോയെന്നാണ് എന്റെ രണ്ടുമക്കളും കരുതിയത്. ഖത്തറിലായിരുന്ന ഭര്‍ത്താവും നാട്ടിലെ മാതാപിതാക്കളുമെല്ലാം കൂട്ടപ്രാര്‍ത്ഥനയിലായി. മൊസൂളിലെ കോട്ടപോലുള്ള കേന്ദ്രത്തിലേക്കാണ് ഭീകരര്‍ ഞങ്ങളെ കൊണ്ടുപോയത്. ഒരു രാത്രി മൊസൂളിലെ താവളത്തില്‍ കഴിഞ്ഞു. ആ രാത്രിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായകമായ ഇടപെടലുകളുണ്ടായത്. പിറ്റേന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഞങ്ങളെ കൈമാറി. എര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശേരിക്കുള്ള വിമാനത്തില്‍ കയറിയശേഷമാണ് എല്ലാവര്‍ക്കും ശ്വാസംവീണത്”

മെറീനയിപ്പോള്‍ മക്കള്‍ക്കൊപ്പം പാല പൂത്തളപ്പിലെ വീട്ടിലാണ്. ഭീകരില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഗള്‍ഫിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്ര്മിച്ചെങ്കിലും പരാജയപ്പെട്ടു.

മെറീന ജോസിന്റെയും സഹപ്രവര്‍ത്തരായ നഴ്‌സുമാരും ഇറാഖ് തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടുന്ന അനുഭവത്തെ പ്രമേയമാക്കിയാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫ് എന്ന ചിത്രം പ്രക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. മെറീന ജോസിനെ സിനിമയില്‍ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു.