പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് സംശയാസ്പദം: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം

പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് സംശയാസ്പദമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗ് നേതാക്കള്‍ക്ക് നിരോധനത്തെക്കുറിച്ച് ഭിന്നാഭിപ്രായമില്ല. നിരോധനം വന്നയുടന്‍ പല നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.

പിഎഫ്ഐയുടെ ആശയങ്ങള്‍ ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും സലാം അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിന്റേതിനെ പോലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ സംഘടനകള്‍ക്ക് നേരെ നടപടിയെടുക്കാതെ പോപ്പുലര്‍ ഫ്രണ്ടിനെ മാത്രം നിരോധിക്കുന്നത് ഏകപക്ഷീയമായി നിരോധിച്ചതില്‍ സംശയകരമായ പലതുമുണ്ടെന്ന് സലാം പറഞ്ഞു. പിഎഫ്ഐയെ മുസ്ലീം ലീഗ് തുടക്കം മുതലെ എതിര്‍ത്തിരുന്നു.

Read more

സമൂഹത്തില്‍ പിഎഫ്ഐയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ലീഗ് ശ്രമിച്ച് കൊണ്ടിരിക്കെ പുറകിലൂടെ അവരുമായി കൈകോര്‍ത്തത് മറ്റു ചിലരാണ്. പലയിടത്തും ഒരുമിച്ച് ഭരിക്കുന്നുണ്ട്. എതിര്‍പ്പുകള്‍ക്ക് ജനാധിപത്യപരമായ മാര്‍ഗങ്ങളുണ്ടെന്ന് തന്നെയാണ് ലീഗ് വിശ്വസിക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു.