സംസ്ഥാനത്ത് വാക്സിനേഷനിലും, മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച പ്രവര്‍ത്തനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. സംസ്ഥാനത്തിന് ഈ മാസവും, അടുത്ത മാസത്തേക്കുമായി 1.11 കോടി വാക്സിന്‍ ആവശ്യപ്പെട്ടിരുന്നു. വാക്സിന്‍ നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.
കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി ചര്‍ച്ച നടത്തി. വാക്സിനേഷനില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലാണെന്നും കേരളത്തിലെ കോവിഡ് മരണ നിരക്ക് കുറവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേക്ക് കേരളത്തിന് ഒരു കോടി 11 ലക്ഷം വാക്സിനെങ്കിലും അനുവദിക്കണമെന്ന ആവശ്യവുമായാണ് സംസ്ഥാനം കേന്ദ്രവുമായി ചര്‍ച്ച നടത്തിയത്. ഘട്ടംഘട്ടമായി വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ര
ാജ്യം വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതിനാല്‍ കേരളത്തിന് ആവശ്യമുള്ള വാക്സിന്‍ നല്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. എന്നാല്‍ കോണ്‍ടാക്സ് ട്രേസിങ്ങില്‍ കേരളം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വൈറസ് വ്യാപനത്തെ ചെറുക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശിച്ചു.
കേരളത്തില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സുഹൃത്തുക്കളിലേക്കും സഹപ്രവര്‍ത്തകരിലേക്കും വരെ രോഗം വ്യാപിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബന്ധുക്കളിലേക്കു മാത്രമായി രോഗവ്യാപനം ചുരുക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തിന് സംസ്ഥാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം ഓര്‍മ്മിപ്പിച്ചു.