ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ തൃശൂരിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ സമ്മേളനത്തിന് തന്നെ പ്രാപ്തനാക്കിയ തൃശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2024-ല്‍ ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് വലിയ പദവിയും ബഹുമതിയുമാണ്. എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമ അഭിനയത്തിനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ചുമതലകള്‍ നല്‍കിയിരുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും അദ്ദേഹത്തെ പ്രധാനമന്ത്രി ഏല്‍പ്പിച്ചിട്ടുണ്ട്. ഇന്ന് ജി7 ഉച്ചകോടി സമാപിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം ഡല്‍ഹിയില്‍ ഉണ്ടാവണം, പഴ്സണല്‍ സ്റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും പ്രധാനമന്ത്രി സുരേഷ്ഗോപിക്ക് നിര്‍ദേശം നല്‍കി. മുനമ്പം വിഷയം പഠിക്കാനും സഭകളുമായി സംവദിക്കാനും സുരേഷ് ഗോപിക്ക് നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചാണ് ചുമതലകള്‍ കൈമാറിയത്.