അനര്‍ഹര്‍ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് കൃഷിമന്ത്രി; സ്വര്‍ണപ്പണയത്തിലുള്ള കാര്‍ഷിക വായ്പ കേന്ദ്രം നിര്‍ത്തി

സ്വര്‍ണപ്പണയത്തില്‍ കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമായിരുന്ന കാര്‍ഷിക വായ്പ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നു മുതല്‍ സ്വര്‍ണപ്പണയത്തിനു മേല്‍ കാര്‍ഷിക വായ്പ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സ്വര്‍ണം പണയത്തിലെടുത്ത് 4 ശതമാനം വാര്‍ഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ നല്‍കിയിരുന്ന കാര്‍ഷിക വായ്പ ഇനി മുതല്‍ ലഭിക്കില്ല.

സ്വര്‍ണം പണയം വെച്ച് അനര്‍ഹര്‍ കാര്‍ഷിക വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

സബ്‌സിഡിയോടുള്ള കൃഷിവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) ഉള്ളവര്‍ക്കു മാത്രമാക്കണം, എല്ലാ കെ.സി.സി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം, ആധാറില്ലാത്തവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സബ്‌സിഡി നല്‍കേണ്ടതില്ല, ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെ.സി.സി അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കണം, അപേക്ഷകളില്‍ 14 ദിവസത്തിനകം തീരുമാനമെടുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാന്‍ കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറിയും കേന്ദ്ര ധനമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിര്‍ത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകള്‍ക്കു കിട്ടിയ നിര്‍ദേശം.

ഒമ്പതു ശതമാനമാണ് യഥാര്‍ഥ പലിശയെങ്കിലും സ്വര്‍ണം പണയംവെച്ചുള്ള ഈ വായ്പയ്ക്ക് 5 ശതമാനം സബ്‌സിഡിയുണ്ട്. 3 ശതമാനം കേന്ദ്രവും 2 ശതമാനം സംസ്ഥാനവുമാണ് സബ്‌സിഡി നല്‍കുന്നത്. ഇതോടെ കര്‍ഷകരല്ലാത്തവരും വായ്പയെടുക്കുന്നെന്നാണ് സര്‍ക്കാര്‍ നിഗമനം. കാര്‍ഷിക മേഖലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 17 ശതമാനം അധികം വായ്പ നല്‍കിയെന്നാണു പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ മാത്രം കണക്ക്.

കൃഷിക്കാരാണെന്ന് ഉറപ്പാക്കാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രം വായ്പ നല്‍കണമെന്നതു സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ആവശ്യമാണ്. കൃഷി ഓഫീസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലേ വായ്പ നല്‍കാവൂ എന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കൃഷി വായ്പ അനര്‍ഹരിലേക്ക് എത്തുന്നുണ്ടോ എന്നു കണ്ടെത്താന്‍ കേരള സര്‍ക്കാരിന്റെ കത്തിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിയോഗിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷി വകുപ്പ്, ആര്‍ബിഐ, നബാര്‍ഡ്, എസ്എല്‍ബിസി എന്നിവയുടെ പ്രതിനിധികളാണു സംഘത്തിലുണ്ടായിരുന്നത്.

കുടിശിക തോത് കുറവാണെന്നതും തിരിച്ചടവ് ഉറപ്പാണെന്നതും ഈ വായ്പ നല്‍കാന്‍ ബാങ്കുകളെ ഉല്‍സാഹിപ്പിച്ചിരുന്നു. എളുപ്പത്തില്‍, കുറഞ്ഞ പലിശയില്‍ കിട്ടുമെന്നതു കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും വായ്പ ഗുണപ്രദമായിരുന്നു. മുടങ്ങാതെ തിരിച്ചടവുണ്ടെങ്കിലെ സബ്‌സിഡിക്ക് അര്‍ഹതയുള്ളൂ. 90 ശതമാനം ആളുകളും പുതുക്കിവെയ്ക്കുകയാണു പതിവെന്നു ബാങ്കുകള്‍ പറയുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും സബ്‌സിഡിയില്ലാത്ത സ്വര്‍ണപ്പണയ വായ്പയ്ക്ക് 9.45% മുതല്‍ മുകളിലേക്കാണു പലിശനിരക്ക്. ഇതോടെ സാധാരണക്കാരന്റെ ആശ്രയമായിരുന്ന പൊതുമേഖലയില്‍ നിന്ന് ആളുകള്‍ അകലുമെന്നും ബാങ്കുകള്‍ കരുതുന്നു.