പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ; ഇന്ന് മണ്ഡലത്തിൽ പദയാത്ര, സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം തന്ന വോട്ടർമാർക്ക് നന്ദി പറയുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഇതിന്റെ ഭാഗമായി ഇന്ന് മണ്ഡലത്തിൽ ഉടനീളം ചാണ്ടി ഉമ്മൻ പദായാത്ര നടത്തും. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാവും പദയാത്ര തുടങ്ങുക. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്രയുടെ ക്രമീകരണം.

ഭാരത് ജോഡോ പദയാത്ര വാർഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു ചാണ്ടി. ഇത്തവണ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിലും ചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലത്തിൽ പദയാത്ര നടത്തിയിരുന്നു.

Read more

37,719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചരിത്ര ജയമാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്.2011 ൽ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കോർഡ്‌ ഭൂരിപക്ഷവും ചാണ്ടിയുടെ കുതിപ്പിൽ പഴങ്കഥയായി. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചാണ്ടി ഉമ്മൻ നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യുക.