മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളുള്ള കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൽ, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെകെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരാണ് പ്രതികൾ.
കുറ്റപത്രത്തിൽ 420 സാക്ഷികളും 900 രേഖകളുമുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അനുബന്ധ കുറ്റപത്രം കൂടി നൽകും. മുട്ടിൽ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയിൽ സർക്കാരിലേക്ക് നിക്ഷിപ്തമായ 104 ഈട്ടിമരങ്ങൾ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്.
1964നു ശേഷം നട്ടുവളർത്തിയതും പൊടിച്ചതുമായ മരങ്ങൾ ഭൂവുടമകൾക്ക് മുറിച്ച് മാറ്റാൻ അനുമതി നൽകിക്കൊണ്ട് റവന്യുവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറപിടിച്ചായിരുന്നു മരംമുറി. അന്വേഷണം തുടങ്ങി രണ്ടു വർഷത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
85 മുതൽ 574 വർഷംവരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡി.എൻ.എ. പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികൾക്കെതിരായ ശക്തമായ തെളിവാണ്. സർക്കാർ അനുമതിയുണ്ടെന്ന് കബളിപ്പിച്ച് കർഷകരെ വഞ്ചിച്ചതിനും കർഷകരുടെപേരിൽ വ്യാജ അപേക്ഷ തയ്യാറാക്കിയതിനും കേസിലെ മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിനെതിരേ വ്യാജരേഖ ചമയ്ക്കൽ കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്.