ഇരിക്കുന്ന പദവിയ്ക്ക് യോജിച്ച പ്രസ്താവനയാണോയെന്ന് പരിശോധിക്കണം; ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനവുമായി എഎ റഹീം

സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം. ഇരിക്കുന്ന പദവിയ്ക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം പരിശോധിക്കണമെന്ന് റഹീം പറഞ്ഞു. എസ്എഫ്‌ഐയ്‌ക്കെതിരെ ബിനോയ് വിശ്വം വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് റഹീം രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് ബിനോയ് വിശ്വം എസ്എഫ്‌ഐയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥവും ആദര്‍ശവും അറിയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.

എസ്എഫ്‌ഐയുടേത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശൈലിയല്ല. എസ്എഫ്‌ഐ ശൈലി തിരുത്തിയേ മതിയാകൂ. സംഘടനയിലുള്ളവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് റഹീം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.

അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യ ബോധത്തോടെ കാണുന്നു. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കണം. സിപിഐ വിമര്‍ശനം ഉന്നയിക്കുന്നത് ആദ്യമായിട്ടല്ല. ഇടതുപക്ഷ ഐക്യം ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

Read more