സംസ്ഥാനത്തെ ഹോട്ടലുകളില്‍ തിങ്കളാഴ്ചയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത പരിശോധന തുടരും . തിരുവനന്തപുരം, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് തിങ്കളാഴ്ചയും പരിശോധന നടന്നത്. അതിനിടെ, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്ക്കെതിരേ ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നന്തന്‍കോട് ഇറാനി കുഴിമന്തി, പൊട്ടക്കുഴി മൂണ്‍സിറ്റി ബിരിയാണി സെന്റര്‍, കവടിയാര്‍ ഗീതാഞ്ജലി ടിഫിന്‍ സെന്റര്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഈ ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി.
തിരുവനന്തപുരം കല്ലറയില്‍ ഇറച്ചികടകളില്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ നിലവാരമില്ലാത്ത കവറുകളിലാണ് കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. മത്സ്യമാര്‍ക്കറ്റില്‍നിന്ന് പഴകിയ മത്സ്യവും പിടികൂടി.
ആലപ്പുഴയിലെ ഹരിപ്പാട്ട് തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. നാഗപട്ടണത്തുനിന്ന് വില്പനയ്ക്കായി എത്തിച്ച മത്തിയാണ് പിടികൂടി നശിപ്പിച്ചത്. ലൈസന്‍സില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹരിപ്പാട് ദേവു ഹോട്ടലും അധികൃതര്‍ പൂട്ടിച്ചു.
അതേസമയം, അധികൃതരുടെ പരിശോധനയ്ക്കെതിരേ ഒരുവിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയുടെ പേരില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു.